കുരട്ടിശ്ശേരി പാടശേഖരം; നെൽകൃഷിക്കായി ഒരുക്കം തുടങ്ങി

മാന്നാർ: അപ്പർ കുട്ടനാടൻ പാടശേഖരമായ കുരട്ടിശ്ശേരി വില്ലേജിലെ 1500 ഏക്കറുള്ള പാടശേഖരം നെൽകൃഷിക്കായി ഒരുക്കിത്തുടങ്ങി. കൊടവള്ളാരി എ, കൊടവള്ളാരി ബി, ഇടപുഞ്ച കിഴക്ക്, പടിഞ്ഞാറ്, കണ്ടങ്കേരി, വേഴത്താർ, നാലുതോട്, അരിയോടിച്ചാൽ എന്നീ പാടശേഖരങ്ങളിലാണ് കുരട്ടിശ്ശേരി നെല്ലുൽപാദക സംയുക്ത പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിക്ക് ഒരുക്കുന്നത്. ഹരിത കേരളം പദ്ധതിയിൽ 120 തൊഴിലുറപ്പ് തൊഴിലാളികളുടെ പരിശ്രമത്തിൽ തോട് പുനർ നിർമിച്ച് പമ്പയാറ്റിലെ വെള്ളം ലഭ്യമാക്കി. നാലുതോട് മുതൽ കുടവള്ളാരി വരെയുള്ള അച്ചൻകോവിലാറി​െൻറ വശങ്ങളിലെ ബണ്ട് തകർന്നതും ആറി​െൻറ ചില ഭാഗങ്ങൾ മണ്ണും പായലും അടിഞ്ഞ് നികന്നുകിടക്കുന്നതും കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബണ്ട് ബലപ്പെടുത്താൻ ജില്ല പഞ്ചായത്ത് 11 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം നടന്നിട്ടില്ല. കൂടാതെ, മുക്കം ബാേല ബണ്ട് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു മീറ്റർ ഉയർത്താൻ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇപ്പോൾ പാടത്ത് മോട്ടോർ പമ്പ് ചെയ്താൽ ബണ്ടിലെ ജലനിരപ്പ് ഉയർന്ന് പാടത്തേക്ക്് ഒഴുകുന്ന അവസ്ഥയാണ്. ഒരുപ്പൂ കൃഷി മാത്രമുള്ള ഈ പാടശേഖരത്തിൽ നെൽകൃഷി ഉപജീവനമാക്കിയ 800 കൃഷിക്കാരാണുള്ളത്. കൃഷിയിറക്കാൻ ഏക്കറിന് 30,000 രൂപയോളം ഓരോ കർഷകനും ചെലവാകുന്നു. സർക്കാർ പ്രഖ്യാപിച്ച ബോണസ്, പരിഷ്കരിച്ച വിള ഇൻഷുറൻസ്, സബ്സിഡികൾ, താങ്ങുവിലയോടുള്ള നെല്ല് സംഭരണം എന്നിവയാണ് കർഷകരുടെ പ്രതീക്ഷ. പുറംബണ്ടുകളും ഇടബണ്ടുകളും ബലപ്പെടുത്തുന്നതിനും ജലസേചനം ഉൾപ്പെടെ സൗകര്യങ്ങൾ സുഗമമാക്കി നെൽകർഷകരെ സംരക്ഷിക്കണമെന്നും നെല്ലുൽപാദക സംയുക്ത പാടശേഖര സമിതി ചെയർമാനും സി.പി.എം ഏരിയ സെക്രട്ടറിയുമായ പ്രഫ. പി.ഡി. ശശിധരൻ ആവശ്യപ്പെട്ടു. തിരുവൻവണ്ടൂർ പാടശേഖരത്തിൽ പട്ടാളപ്പുഴു ശല്യം ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പാടശേഖരങ്ങളിൽ വീണ്ടും പട്ടാളപ്പുഴു ശല്യം. 10 മുതൽ 40 ദിവസം വരെ പ്രായമുള്ള നെൽച്ചെടികൾ വെള്ളം കിട്ടാതെ വരണ്ട് തുടങ്ങിയപ്പോഴാണ് പുഴുശല്യം തുടങ്ങിയത്. കഴിഞ്ഞ വർഷം 148 ഹെക്ടർ സ്ഥലത്തെ നെൽകൃഷി വടശ്ശേരിക്കര ഭാഗത്ത് ജലസേചനം ലഭ്യമാക്കാത്തതുമൂലം നശിച്ചിരുന്നു. കൃഷിഭവ​െൻറ പരിധിയിലുള്ള മൂന്ന് പാടശേഖരങ്ങളിലാണ് ജലലഭ്യതമൂലം പട്ടാളപ്പുഴുവി​െൻറ ആക്രമണം കണ്ടുതുടങ്ങിയത്. പാടം വിണ്ടുകീറാൻ തുടങ്ങിയത് കാരണം പുഴുവി​െൻറ പ്യൂപ്പ വളർന്ന് പെരുകി ഒരാഴ്ചകൊണ്ട് നെൽചെടിയുടെ ഇല തിന്നുകയാണ്. പുകയിലക്കഷായം, വേപ്പെണ്ണ മിശ്രിതം എന്നിവ ഉപയോഗിച്ചാൽ തുടക്കമായതിനാൽ ഇവയുടെ ആക്രമണം തടയാൻ കഴിയുമെന്ന് കൃഷി ഓഫിസർ രാജേന്ദ്രപ്രസാദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.