ആധാർ സേവനങ്ങൾ 109 തപാൽ ഒാഫിസിൽ

കൊച്ചി: കേരള പോസ്റ്റൽ സർക്കിളിന് കീഴിലെ 10 മുഖ്യ തപാൽ ഒാഫിസിൽകൂടി ആധാർ സേവനങ്ങൾ നിലവിൽവന്നു. ഇതോടെ സർക്കിളിന് കീഴിൽ ആധാർ സേവനങ്ങൾ ലഭ്യമാക്കുന്ന തപാൽ ഒാഫിസുകളുടെ എണ്ണം 109 ആയി. അവശേഷിക്കുന്ന 1040 ഒാഫിസിൽ വൈകാതെ ഇത് നിലവിൽ വരും. തപാൽ ഒാഫിസുകൾ വഴി ആധാർ കാർഡ് എടുക്കാനും തെറ്റ് തിരുത്താനുമുള്ള സൗകര്യം ജൂലൈ ഏഴിനാണ് സംസ്ഥാനത്ത് നിലവിൽവന്നത്. ആദ്യഘട്ടത്തിൽ 30 പ്രധാന ഒാഫിസിൽ നടപ്പാക്കിയ സംവിധാനം പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഒാഫിസ്, കൊല്ലം, കോട്ടയം, കൊച്ചി, എറണാകുളം, തൃശൂർ, കവരത്തി, കാസർകോട്, മലപ്പുറം, കോഴിക്കോട് മുഖ്യ ഒാഫിസുകൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച മുതൽ ആധാർ സേവനം നിലവിൽവന്നത്. ഇതോടെ പ്രധാന തപാൽ ഒാഫിസുകളിലെല്ലാം ആധാർ എടുക്കാനും തിരുത്താനുമുള്ള സംവിധാനമായെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് അറിയിച്ചു. തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലും എറണാകുളത്ത് മധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രനും ഉദ്ഘാടനം ചെയ്തു. പുതുതായി ആധാർ എടുക്കാൻ 50 രൂപയും കാർഡിലെ വിവരങ്ങൾ തിരുത്താൻ 25 രൂപയും തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആധാർ തിരയുന്നതിന് 20 രൂപയുമാണ് ഫീസ്. എ ഫോർ ഷീറ്റിൽ പ്രിൻറ് എടുക്കാൻ കളറിന് 20 രൂപയും ബ്ലാക്ക് ആൻഡ് വൈറ്റിന് 10 രൂപയും നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.