ബേക്കറി ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണം ^ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ

ബേക്കറി ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണം -ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ കൊച്ചി: ബേക്കറി ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ബേക്കറി വ്യവസായം രാജ്യത്തെ ഗ്രാമീണമേഖലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബേക്കറി ഉല്‍പന്നങ്ങള്‍ ആയിരക്കണക്കിന് നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണ ജനവിഭാഗങ്ങളുടെ ഉപജീവനമാര്‍ഗമെന്നതുപോലെതന്നെ ഭക്ഷണം കൂടിയാണ്. അഞ്ചുശതമാനം നികുതിക്ക് പകരം ജി.എസ്.ടി നടപ്പായതോടെ 18 ശതമാനമാണ് നിരക്ക്. അതേസമയം, 24 ശതമാനമുണ്ടായിരുന്ന വന്‍കിട കമ്പനികളുടെ ബേക്കറി ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനം നിരക്കിലേക്ക് കുറച്ചിരുന്നു. വന്‍കിട കമ്പനികളിലെ തൊഴിലവസരങ്ങള്‍ ചെറുകിട ബേക്കറി മേഖലയെ അപേക്ഷിച്ച് കുറവാണ്. അഞ്ചുശതമാനത്തില്‍നിന്ന് 18 ശതമാനത്തിലേക്ക് ജി.എസ്.ടി വര്‍ധന ചെറുകിട ബേക്കറി വ്യവസായത്തെ ഇതിനകംതന്നെ തളര്‍ത്തിക്കഴിഞ്ഞെന്ന് സംസ്ഥാന പ്രസിഡൻറ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു. അന്തർദേശീയ തലത്തിൽ ഭക്ഷ്യ ഉൽപാദക വിതരണരംഗത്ത് ഇന്ത്യയുടെ പ്രാധാന്യം കണക്കിലെടുത്ത് ജി.എസ്.ടി നിരക്ക് വർധന അടിയന്തരമായും പുനഃപരിശോധിക്കണമെന്ന് ഡൽഹിയിൽ കൂടിയ ബേക്കറി വ്യവസായികളുടെ ഫെഡറേഷനുകളുടെയും യോഗം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 22 സംസ്ഥാനത്തെ ബേക്കറി വ്യവസായരംഗത്ത് പ്രവർത്തിച്ചുവരുന്ന സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ എ.നൗഷാദ്, ബിജു പ്രേം ശങ്കർ, ജില്ല പ്രസിഡൻറ് വി.പി. അബ്ദുൽ സലീം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.