ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ ഫെറി സർവിസ്: കൂടുതല്‍ സർവിസില്ലെങ്കിൽ ദുരന്തത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട് മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി--- -വൈപ്പിന്‍ ഫെറിയില്‍ കൂടുതല്‍ സര്‍വിസ് നടത്തിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഫോര്‍ട്ട്കൊച്ചി എസ്.ഐ അനീഷ് കുമാര്‍ നഗരസഭ ഡെപ്യൂട്ടി സെക്രട്ടറിക്ക് കത്ത് നല്‍കി. കൂടുതല്‍ ബോട്ട് സർവിസ് നടത്തുകയോ അല്ലെങ്കില്‍ നിലവിലെ സർവിസിെൻറ സമയദൈര്‍ഘ്യം കുറച്ച് യാത്രക്കാര്‍ക്ക് ഇരു കരകളിലേക്കും പെട്ടെന്ന് എത്താനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്ന് കത്തില്‍ പറയുന്നു. കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാൻ ക്യൂ നില്‍ക്കത്തക്ക രീതിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. അല്ലാത്തപക്ഷം യാത്രക്കാര്‍ ടിക്കറ്റ് കൗണ്ടറിലേക്ക് തള്ളിക്കയറി അപകടത്തിന് കാരണമാകും. ടിക്കറ്റ് കൗണ്ടറില്‍നിന്ന് ജെട്ടിയിലേക്കുള്ള വഴിയില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അവിടെ സാമൂഹികവിരുദ്ധര്‍ തമ്പടിക്കാനും സാധ്യതയുണ്ട്. ഇരു ജെട്ടികളിലും യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സുരക്ഷിത സംവിധാനം ഏര്‍പ്പെടുത്തണം. ഇത്തരം കാര്യങ്ങളില്‍ നഗരസഭ വേണ്ട നടപടി സ്വീകരിക്കണം. ജെട്ടിയില്‍ പൊലീസിെൻറ സാന്നിധ്യം സദാസമയവുമുണ്ടാകുമെന്നും കത്തില്‍ പറയുന്നു. ജങ്കാര്‍ സർവിസ് നിര്‍ത്തുകയും ഒരു ബോട്ട് മാത്രം സർവിസ് നടത്തുകയും ചെയ്യുന്നതിനാല്‍ രൂക്ഷമായ യാത്രക്ലേശമാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാന്‍ സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് പൊലീസ് നഗരസഭക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ബോട്ട് അരമണിക്കൂര്‍ ഇടവേളയിലാണ് സർവിസ് നടത്തുന്നത്. മണിക്കൂറുകള്‍ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലേറെ യാത്രക്കാരാണ് ഓരോ സർവിസിലും കയറുന്നത്. പലപ്പോഴും രണ്ട് സർവിസിനുശേഷമാണ് യാത്രക്കാര്‍ക്ക് അക്കരെയെത്താന്‍ കഴിയുന്നത്. ഇതുമൂലം ടിക്കറ്റ് കൗണ്ടറിലും യാത്രക്കാര്‍ തമ്മില്‍ ബഹളം പതിവാണ്. ഈ സാഹചര്യത്തില്‍ നഗരസഭ പൊലീസ് സാന്നിധ്യം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടിയായാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.