കൊച്ചി: മെട്രോ ട്രെയിനുകളുടെയും വിശാല കൊച്ചി മേഖലയിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെയും വിവരങ്ങളെല്ലാം യാത്രക്കാരുടെ വിരൽത്തുമ്പിലെത്തിക്കാൻ സംവിധാനം വരുന്നു. ഇതിനായി നഗരത്തിൽ സർവിസ് നടത്തുന്ന ബസുകളിൽ ജി.പി.എസ്, ജി.പി.ആർ.എസ് അധിഷ്ഠിത ട്രാക്കിങ് സംവിധാനം ഘടിപ്പിക്കും. ഇതുസംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെ.എം.ആർ.എൽ) അർബൻ മാസ് ട്രാൻസിറ്റി കമ്പനി (യു.എം.ടി.സി)യും തമ്മിൽ ചൊവ്വാഴ്ച ധാരണപത്രം ഒപ്പിട്ടു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് പങ്കാളിത്തമുള്ള യു.എം.ടി.സിയുമായി ചേർന്ന് വിശാല കൊച്ചി മേഖലയിലെ ബസ് യാത്ര കൂടുതൽ സുഗമവും പൊതുജനസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് കെ.എം.ആർ.എൽ രൂപം നൽകിയിരിക്കുന്നത്. ജി.പി.എസ് സംവിധാനമുള്ള ബസുകൾ ഏത് സ്റ്റോപ്പിലെത്തി, യാത്രക്കാരൻ കയറാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പിൽ എപ്പോൾ എത്തും, ബസിെൻറ വിശദ റൂട്ട്, യാത്രക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് ലഭ്യമാകും. ഇതിനായി കെ.എം.ആർ.എൽ വികസിപ്പിക്കുന്ന കൊച്ചി വൺ ആപ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ വിവരങ്ങളും ആപ് വഴി ലഭിക്കും. ബസുകളുടെ വിവരങ്ങൾക്ക് മാത്രമായും ആപ് ഉപയോഗിക്കാം. ബസുകളുടെ സമയവിവരം പ്രധാന സ്റ്റോപ്പുകളിലും പ്രദർശിപ്പിക്കും. പദ്ധതിയുടെ ഏകോപനത്തിനും ബസുകളുടെ നിയന്ത്രണത്തിനുമായി കൊച്ചി സ്മാർട്ട് സിറ്റി മിഷനുമായി ചേർന്ന് ഒാപറേഷൻ കൺട്രോൾ സെൻററും സ്ഥാപിക്കും. ഇതിെൻറ ഭാഗമായി മോേട്ടാർ വാഹനവകുപ്പ്, സിറ്റി പൊലീസ്, ബസ് കമ്പനികൾ എന്നിവക്ക് നിരീക്ഷണത്തിന് സംവിധാനമുണ്ടാകും. പദ്ധതിയോട് ബസുടമകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഏഴ് കമ്പനികൾക്ക് കീഴിലെ 1600ഒാളം ബസുകളിൽ ആറ് മാസത്തിനകം ജി.പി.എസ് സംവിധാനം നിലവിൽ വരുമെന്നും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. ഒരു ബസിൽ ജി.പി.എസ് ഘടിപ്പിക്കാനുള്ള ചെലവ് 8000 രൂപയാണ്. കെ.എം.ആർ.എൽ പ്രോജക്ട്സ് ഡയറക്ടർ തിരുമൺ അർജുനൻ, യു.എം.ടി.സി സീനിയർ വൈസ് പ്രസിഡൻറ് കിഷോർ നഥാനി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. എ.പി.എം മുഹമ്മദ് ഹനീഷ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി. അജിത്കുമാർ, ആർ.ടി.ഒമാരായ റെജി പി. വർഗീസ്, കെ.എം. ഷാജി, ബസ് കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.