കാലടി: അധികൃതരുടെ അവഗണനക്കെതിരെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യകവാടത്തിന് മുന്നിൽ ദലിത് ഗവേഷക വിദ്യാർഥിനികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടുദിവസം പിന്നിട്ടു. കെ. പ്രജീഷ, പി.സി. അനുരാജി, ദീപാഞ്ജലി ദേവദാസ് എന്നിവരാണ് എം.സി റോഡിന് അരികിൽ സർവകലാശാലക്ക് മുന്നിലെ താൽക്കാലിക ഷെഡിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. രണ്ടുമാസം മുമ്പ് എസ്.എഫ്.ഐ നേതാക്കളായ മൂന്നുപേർ ഹോസ്റ്റലിൽ എത്തി മേട്രനെയും ഗവേഷക വിദ്യാർഥിനികളെയും ഭീഷണിപ്പെടുത്തിയത്രെ. ഹോസ്റ്റൽ ഭിത്തിയിലെ ഇടതുപക്ഷ ഗവേഷക സംഘടനയുടെ (എ.കെ.ആർ.എസ്.എ) പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ടാണ് വിദ്യാർഥിനികൾക്കെതിരായ നീക്കത്തിെൻറ തുടക്കം. ഭിത്തികളിൽ പോസ്റ്റർ പതിക്കരുതെന്ന് നിർദേശമുള്ളതിനാലാണ് കീറിയതെന്ന് വിദ്യാർഥിനികൾ പറയുന്നു. ഇതിെൻറ പേരിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് കാണിച്ച് ഇടതുപക്ഷ ഗവേഷക സംഘടന പ്രവർത്തകർക്കെതിരെ (എ.കെ.ആർ.എസ്.എ) രജിസ്ട്രാർക്ക് പരാതി നൽകി. തുടർന്ന് സർവകലാശാല അന്വേഷണം നടത്തി സർവകലാശാല മുൻ ചെയർമാൻ കെ.കെ. അബ്ദുറഹ്മാൻ, സി.എം. അഖിൽ, കെ. രാഗേഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. എന്നാൽ, സസ്പെൻഷൻ കാലയളവിൽ ഇവർ സർവകലാശാലയിൽ വരുകയും ഹോസ്റ്റൽ ഉപയോഗിക്കുകയും ചെയ്തെന്നാണ് സമരക്കാരുടെ ആരോപണം. മാത്രമല്ല, പരാതിക്കാരായ വിദ്യാർഥിനികൾക്കെതിരെ കള്ളക്കേസ് നൽകുകയും ചെയ്തു. തങ്ങൾ നൽകിയ പരാതി ഗൗരവമായി കാണാതെ തങ്ങൾക്കെതിരായ കള്ളക്കേസ് പൊലീസിന് കൈമാറിയ സർവകലാശാല അധികൃതരുടെ നടപടി സ്വജനപക്ഷപാതമാണെന്നും സമരക്കാർ ആരോപിക്കുന്നു. അതേസമയം, ഒരാഴ്ചത്തെ സസ്പെൻഷനുശേഷം മൂവരെയും താക്കീത് നൽകി തിരിച്ചെടുത്തു എന്നാണ് രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രെൻറ വിശദീകരണം. സമരക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ഇതിന് സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ കെ.ആർ. സജിത, സ്റ്റുഡൻറ്സ് സർവിസസിലെ ഉണ്ണികൃഷ്ണൻ എന്നിവരെ നിയോഗിച്ചതായും വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് 'മാധ്യമ'ത്തോട് പറഞ്ഞു. എസ്.സി-എസ്.ടി സെല്ലിലെയും ഇേൻറണൽ കംപ്ലയിൻറ് കമ്മിറ്റിയിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ അന്വേഷണ കമീഷനെ നിയമിക്കുക, ഇവരുടെ അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഷനിലായവരെ കാമ്പസിൽ കയറ്റാതിരിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.