ആലപ്പുഴ: രണ്ടുമാസത്തിനിടെ ജില്ലയിൽനിന്ന് പിടികൂടിയത് 6.48 കിലോ കഞ്ചാവ്. മദ്യം കടത്തിയതിന് 41 ബൈക്കും പിടിച്ചെടുത്തു. 1,95,400 രൂപ പിഴ ഇൗടാക്കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അനധികൃത മദ്യ ഉൽപാദനവും വിതരണവും തടയാനുള്ള ജില്ലതല ജനകീയ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ജില്ലയിൽ 2359 റെയ്ഡുകൾ നടത്തി. 527 അബ്കാരി കേസുകളും 102 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. 626 പേരെ അറസ്റ്റ് ചെയ്തു. 154.5 ലിറ്റർ ചാരായവും 658 ലിറ്റർ വിദേശമദ്യവും 3940 ലിറ്റർ കോടയും 12.6 ലിറ്റർ അരിഷ്ടവും 141.5 ലിറ്റർ ബിയറും 585 പാക്കറ്റ് ഹാൻസും 44.4 കിലോ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. 6507 വാഹനങ്ങൾ പരിശോധിച്ചു. വ്യാജമദ്യം കടത്താൻ ഉപയോഗിച്ച 41 ബൈക്കുകൾ പിടിച്ചെടുത്തു. കള്ളുഷാപ്പുകളിൽ 1258 പരിശോധനയും വിദേശമദ്യഷാപ്പുകളിൽ 53 പരിശോധനയും ബിയർ പാർലറുകളിൽ 67 പരിശോധനയും നടന്നു. 46 കടകളും അഞ്ച് മെഡിക്കൽ സ്റ്റോറും പരിശോധിച്ചു. 371 തവണ കള്ളിെൻറ സാമ്പിളുകളും വിദേശമദ്യ സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനക്ക് അയച്ചു. കള്ളുഷാപ്പുകളിൽ പരിശോധന നടത്തിയതിൽ ലൈസൻസ് വ്യവസ്ഥ പാലിക്കാത്ത ആറ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസുമായി ചേർന്ന് 24 സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങൾ നൽകുന്ന പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ 99 കേസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച കുറ്റത്തിന് 274 കേസും കായൽ ടൂറിസവുമായി ബന്ധപ്പെട്ട് ആറ് അബ്കാരി കേസും നാല് എൻ.ഡി.പി.എസ് കേസും 838 കോപ്റ്റ കേസും രജിസ്റ്റർ ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമായി 212 ലഹരിവിരുദ്ധ ക്ലബുകൾ പ്രവർത്തിക്കുന്നു. പഞ്ചായത്തുതലത്തിലുള്ള 120 ജനകീയ യോഗങ്ങളും നിയോജകമണ്ഡലം തലത്തിലുള്ള 32 ജനകീയ കമ്മിറ്റികളും ചേർന്നു. ഓണത്തോടനുബന്ധിച്ച് പരിശോധന കർശനമാക്കാൻ കലക്ടർ പൊലീസിനും എക്സൈസിനും നിർദേശം നൽകി. സ്കൂൾ-കോളജ്തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും നിർദേശിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ എൻ.എസ്. സലിംകുമാറാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ഹെൽത്തി കേരള കടകളിലും ഫാമുകളിലും വ്യാപക പരിശോധന; 104 സ്ഥാപനങ്ങൾക്ക് നോട്ടീസ് ആലപ്പുഴ: ഓണം-ബക്രീദ് ആഘോഷങ്ങളുടെ മുന്നോടിയായി ആരോഗ്യവകുപ്പ് ഹെൽത്തി കേരളയുടെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 104 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. 6000 രൂപ പിഴ ഈടാക്കി. 65 കശാപ്പുശാലകൾ, 63 പശു ഫാം, 178 കോഴി ഫാം, നാല് പന്നി ഫാം, 98 കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ശരിയായ മാലിന്യസംസ്കരണത്തിെൻറ അഭാവം, വൃത്തിഹീന സാഹചര്യം, പകർച്ചവ്യാധി സാധ്യത, ഓടകളുടെ ഒഴുക്ക് തടസ്സപ്പെടുത്തൽ, തുടങ്ങി ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശിപാർശ നൽകി. ഹോട്ടലുകൾ, ബേക്കറികൾ, റസ്റ്റാറൻറുകൾ, ബാറുകൾ, സോഡ ഉൽപന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നഗരസഭകളിൽ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസറുടെയും പഞ്ചായത്തുകളിൽ മെഡിക്കൽ ഓഫിസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.