ഇന്ത്യയുടെ ഭാവി വിദ്യാഭ്യാസത്തിൽ- കേന്ദ്രമന്ത്രി ജാവ്ദേക്കർ കളമശ്ശേരി: ഇന്ത്യയുടെ ഭാവി വിദ്യാഭ്യാസത്തിലാണെന്നും നല്ല ആരോഗ്യമുള്ള വിദ്യാർഥിസമൂഹത്തെ നാം വാർത്തെടുക്കണമെന്നും കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കും. സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്രസർക്കാർ ആരംഭിച്ച ഫിസിക്കൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് പ്രൊഫൈൽ കാർഡ് കളമശ്ശേരി എൻ.എ.ഡി കേന്ദ്രീയ വിദ്യാലയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങൾ പഠിക്കുന്ന സ്കൂളിൽനിന്ന് എന്ത് നേടിയെന്ന് വിദ്യാർഥികൾ സ്വയം വിശകലനം ചെയ്യുന്ന സംവിധാനം നടപ്പാക്കും. അതിന് അധ്യാപകരുടെ ഗുണനിലവാരം വർധിപ്പിക്കാൻ പ്രത്യേക പരിശീലന കോഴ്സുകൾ നിർബന്ധമാക്കും. വിദ്യാഭ്യാസം വ്യക്തികേന്ദ്രീകൃത ജോലിയല്ല, കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേർന്നുള്ള കൂട്ടായ പ്രയത്നത്തിൽക്കൂടിയേ നല്ല വിദ്യാഭ്യാസം സാധ്യമാകൂ. അറിവ് വിദ്യാഭ്യാസത്തിെൻറ ഒരു ഭാഗം മാത്രമാണ്. കഴിവ് മറ്റൊരു ഭാഗവും. അതിനാൽ പഠനം എളുപ്പമാകാൻ യോഗ പരിശീലനത്തിന് നിർണായക സ്ഥാനമാണുള്ളത്. 'ആരോഗ്യമുള്ള കുട്ടി ആരോഗ്യമുള്ള രാഷ്ട്രം' എന്ന ആശയത്തിലൂടെ വിദ്യാർഥികളുടെ ശാരീരികക്ഷമത വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുകയാണെന്നു മന്ത്രി പറഞ്ഞു. ദക്ഷിണ നേവൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ ആർ.ജെ. നട്കർണി, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, കേന്ദ്രീയ വിദ്യാലയ സംഘാതൻ കമീഷണർ സന്തോഷ് കുമാർ മാൾ, അഡീഷനൽ കമീഷണർ യു.എൻ. ഖവാരേ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.