കായംകുളം: കോടികളുടെ അസാധു നോട്ടുകൾ പിടിച്ചെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറെ ചാലിൽ റഷീദുദ്ദീനാണ് (55) അറസ്റ്റിലായത്. ഇയാളുടെ പണവും പിടിച്ചെടുത്ത നോട്ടിൽ ഉൾപ്പെട്ടിരുന്നുവെന്ന പ്രതികളുടെ മൊഴിയാണ് അറസ്റ്റ് ചെയ്യാൻ കാരണം. റിമാൻഡിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ തള്ളിയ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. പാലക്കാട് കരിങ്കരപ്പുള്ളി ദാറുൽ മനാറിൽ മുഹമ്മദ് ഹാരിസ് (53), പാലക്കാട് എരുമയൂർ വടക്കുമ്പുറം പ്രകാശ് (52), എരുമയൂർ മുക്കിൽ അഷറഫ് (30), എരുമയൂർ ഏറിയഞ്ചിറയിൽ റഫീഖ് (37), കോഴിക്കോട് കൊടുവള്ളി കരിങ്ങമൻകുഴിയിൽ മുഹമ്മദ് നൗഷാദ് (38) എന്നിവർക്കാണ് കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിശദാന്വേഷണം വേണമെന്ന വാദവുമായി പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയെ സമീപിച്ചുവെങ്കിലും നിരസിക്കുകയായിരുന്നു. 7,92,30,000 രൂപയുടെ അസാധു നോട്ടുകളാണ് പിടിച്ചെടുത്തത്. രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു. 11,000 രൂപ നൽകിയാണ് നിരോധിച്ച ഒരു ലക്ഷം രൂപയുടെ നോട്ടുകൾ ഇവർ വാങ്ങുന്നത്. ചെട്ടികുളങ്ങര കരിപ്പുഴ സ്വദേശിയാണ് കായംകുളത്തും പരിസരങ്ങളിൽനിന്നുമായി അസാധുനോട്ടുകൾ ശേഖരിച്ച് സംഘത്തിന് കൈമാറിയിരുന്നത്. തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാൾക്കായി തിരച്ചിൽ ഉൗർജിതമാക്കി. നോട്ടുകൾ മാറ്റിയെടുക്കുന്നതിെൻറ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും ഉൗർജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതികളുടെ നാട്ടിൽ നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ഇവരുടെ മോൈബൽ ഫോൺ വിശദാംശങ്ങൾ കൈമാറണമെന്ന് സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.