ഇരുചക്രവാഹനങ്ങൾ അമിത ശബ്​ദമുണ്ടാക്കി പായുന്നു

പറവൂർ: ഇരുചക്രവാഹനങ്ങളിൽ അമിതശബ്ദം ഉണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. കോളജ് വിദ്യാർഥികളാണ് കൂടുതലും നിയമലംഘനം നടത്തുന്നത്. ശല്യം വർധിച്ചതോടെ മോട്ടോർ വാഹന വകുപ്പിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇത്തരക്കാരെ പിടികൂടാൻ വകുപ്പ് പരിശോധന ശക്തമാക്കി. ചുവപ്പ് സിഗ്നൽ ലംഘനം, അമിതവേഗം, അമിതഭാരം കയറ്റൽ, ചരക്കുവാഹനങ്ങളിൽ യാത്രക്കാരെ കയറ്റൽ, മദ്യപിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനം ഓടിക്കൽ എന്നീ നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 40 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. 200 പേർക്ക് നോട്ടീസ് നൽകി. ദേശീയപാത 17 ൽ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയും വൈപ്പിൻ മുതൽ മുനമ്പം വരെയുമാണ് പരിശോധന നടത്തിയത്. അയ്യമ്പിള്ളി, എടവനക്കാട് പാലങ്ങൾക്ക് സമീപത്തും പറവൂർ മുനിസിപ്പൽ കവല, ചേന്ദമംഗലം കവല എന്നിവിടങ്ങളിലുമാണ് ചുവപ്പ് സിഗ്നൽ ലംഘനം പിടികൂടിയത്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ, സ്കൂൾ ബസുകൾ എന്നിവ പിടിയിലായവയിലുണ്ട്. മൊബൈൽ ഫോൺ സംസാരം പിടികൂടാൻ മഫ്തിയിൽ ഉദ്യോഗസ്ഥർ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൂപ്പർ ബൈക്കുകൾ, കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മൂന്നുമാസത്തിനകം 300 ലധികം ബൈക്കുകളുടെ സൈലൻസർ അഴിച്ചുമാറ്റി. അമിതവേഗം, അമിത നിരക്ക് ഈടാക്കൽ, യാത്രക്കാരോട് അപമര്യാദയായി പെരുമാറൽ, ടിക്കറ്റ് നൽകാതെ പണം വാങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്ന നടപടിയും തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ദേശീയപാതയിലും വൈപ്പിൻ മേഖലയിലും പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുമെന്നും പൊതുജനങ്ങളുടെ സഹായത്തോടെ നിയമലംഘനം പിടികൂടുമെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.