കൊച്ചി: എറണാകുളം എം.ജി റോഡ് സെൻറർ സ്ക്വയർ മാളിലെ മൾട്ടിപ്ലക്‌സ് തിയറ്ററുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈകോടതി ശരിവെച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് സിംഗിൾബെഞ്ച് ശരിവെച്ചത്. മാൾ ഉടമകളായ പീവീസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി കോടതി തള്ളി. ഹരജിക്കാരുടെ ആവശ്യത്തെ തുടർന്ന് ഉത്തരവ് നടപ്പാക്കാൻ കോടതി മൂന്നു ദിവസത്തെ സാവകാശവും അനുവദിച്ചു. മാളിെൻറ ആറു മുതൽ എട്ടുവരെയുള്ള നിലയിലാണ് മൾട്ടി പ്ലക്സ് തിയറ്ററുകൾ പ്രവർത്തിക്കുന്നത്. ഫയർഫോഴ്സിെൻറ അന്തിമ എൻ.ഒ.സിയില്ലാതെയാണ് തിയറ്ററുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയ ജില്ല കലക്ടർ ജൂൺ എട്ടിനാണ് പൂട്ടാൻ ഉത്തരവിട്ടത്. ദേശീയ ബിൽഡിങ് കോഡനുസരിച്ച് 30 മീറ്ററിലേറെ ഉയരത്തിൽ ആളുകൾ ഒന്നിച്ചു കൂടാൻ അവസരമുണ്ടാകുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനാവില്ല. സെൻറർ സ്ക്വയർ മാളിലെ തിയറ്ററുകൾ 40 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫയർ ഫോഴ്സ് എൻ.ഒ.സി നിഷേധിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ഇതംഗീകരിച്ചാണ് കലക്ടറും ഉത്തരവ് പുറപ്പെടുവിച്ചത്. ഫയർഫോഴ്സ് അധികൃതരുടെ എൻ.ഒ.സിയില്ലാതെ മാളിന് കെട്ടിട നിർമാണ അനുമതി നൽകിയ കൊച്ചി കോർപറേഷൻ അധികൃതരുടെ നടപടിയെ കോടതി വിമർശിച്ചു. ഗുരുതരമായ വീഴ്ചയാണ് കോർപറേഷെൻറ ഭാഗത്തുനിന്നുണ്ടായത്. ഇത്തരമൊരു നടപടി വൻ ദുരന്തങ്ങളുണ്ടാക്കുന്നതാണ്. മാൾ നിർമിക്കാനുള്ള ആദ്യ പ്ലാനിൽ പിന്നീട് മാറ്റം വരുത്തിയാണ് മൾട്ടി പ്ലക്‌സുകൾ നിർമിച്ചത്. ആറു മുതൽ എട്ടുവരെയുള്ള നിലകളിൽ താമസ സൗകര്യം ഒരുക്കുമെന്നായിരുന്നു ആദ്യ പ്ലാനിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീടിതു മാറ്റി തിയറ്റർ കോംപ്ലക്‌സ് നിർമിച്ചത് ചട്ടവിരുദ്ധമാണെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.