പൊലീസി​െൻറ ഓണക്കാല പരിശോധന: ഒരാഴ്ചക്കിടെ പിടിയിലായത് 21ഓളം കൗമാരക്കാർ

കൊച്ചി: ഓണത്തിന് മുന്നോടിയായി ലഹരിമരുന്ന് ലോബികളെ അമർച്ച ചെയ്യാനുള്ള പൊലീസ് നടപടിയിൽ കൊച്ചിയിലും പരിസരത്തും ഒരാഴ്ചക്കിടെ 21 കൗമാരക്കാർ ലഹരിസാധനങ്ങളുമായി പിടിയിൽ. ആറുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജില്ലയിൽ രാത്രികാല ഡി.ജെ പാർട്ടികൾ നിരോധിച്ചത് മുതലെടുത്ത് ഗോവയിലെ ലഹരിമരുന്ന് പാർട്ടികളിൽ വിദ്യാർഥികളെയും യുവാക്കളെയും എത്തിക്കാൻ റേവ് ട്രിപ്പുകൾ നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഉന്മാദം പകരുന്ന എം.ഡി.എം.എ, നൈട്രോ സെപാം ഗുളികകൾ മുതൽ കഞ്ചാവും ഹഷീഷും വരെ പിടിച്ചെടുത്ത ലഹരിസാധനങ്ങളിൽപ്പെടും. ഡി.ജെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലയിൽ നിശാപാർട്ടികൾ വിലക്കിയത്. ഇതേത്തുടർന്ന് ഗോവ, ബംഗളൂരു, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ലഹരി ഒഴുകുന്ന റേവ് പാർട്ടികളിൽ പങ്കെടുക്കാൻ ടൂർ പാക്കേജുകൾ പതിവായി. യുവാക്കൾക്കിടെ റേവ് ട്രിപ്പ്സ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരം യാത്രകൾ ഏർപ്പാടാക്കുന്ന രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽനിന്ന് പിടികൂടി. ഇവരിൽനിന്ന് എം.ഡി.എം.എയും ഹഷീഷും പിടിച്ചെടുത്തു. പൂത്തോട്ടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി ഉൾപ്പെട്ട സംഘം ഗോവ യാത്രക്ക് 25,000 രൂപയാണ് ഈടാക്കുന്നത്. മടക്കയാത്രക്കുള്ള ടിക്കറ്റും താമസ സൗകര്യവും റേവ് പാർട്ടിക്കുള്ള എൻട്രി കാർഡിനുമൊപ്പം രണ്ട് ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം ഹഷീഷ്, മൂന്നു പാക്കറ്റ് കഞ്ചാവ് എന്നിവയും നൽകും. ഇത്തരം പാക്കേജുകൾ സംഘടിപ്പിക്കുന്ന കൂടുതൽ സംഘങ്ങളുള്ളതായി പൊലീസ് പറഞ്ഞു. കൗമാരക്കാരിൽ പലരും ലഹരിമരുന്നിന് അടിപ്പെട്ടവരാണ്. ‌കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽനിന്ന് ഗോവയിലെ ഫ്രീഡം ബ്ലാസ്റ്റ് റേവ് പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ അഞ്ചംഗത്തെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഈ യുവാക്കളെല്ലാം ഉന്മാദാവസ്ഥയിലായിരുന്നു. ഇവർക്ക് ഗോവയിൽ ലഹരിമരുന്ന് നൽകിയ കൊച്ചിയിലെ യുവാവിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. തമ്മനം കൈലാസ് നഗറിന് സമീപത്തുനിന്ന് പിടിയിലായ നാലംഗ കൗമാര സംഘം അടുക്കളയിലെ പ്രഷർ കുക്കറിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന വിവിധ തരത്തിലുള്ള ഉപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു. ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി ബിജി ജോർജ്, ഷാഡോ എസ്.ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.