കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ അർബുദ ചികിത്സ ഉപകരണം പ്രവർത്തനക്ഷമമാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം. ലീനിയർ ആക്സിലറേറ്റർ മെഷീൻ എന്ന റേഡിയേഷൻ ഉപകരണത്തിെൻറ അനുബന്ധ സംവിധാനങ്ങൾ എത്തിക്കേണ്ടതിനാലാണിത്. ആണവോർജ റഗുലേറ്ററി ബോർഡിെൻറ അനുമതി ലഭിക്കുകയും വേണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മൂന്നു മാസത്തോളം വേണ്ടിവരുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ല ആശുപത്രിയിൽ സംവിധാനം വരുന്നത്. ഏഴു കോടി രൂപയാണ് ഉപകരണത്തിെൻറ വില. അർബുദത്തെ ഫലപ്രദമായി നേരിടാൻ യന്ത്ര സഹായത്തോടെ കഴിയുമെന്ന് ജനറൽ ആശുപത്രി കൺസൽട്ടൻറ് ഓങ്കോളജിസ്റ്റ് ഡോ. ബാലമുരളീകൃഷ്ണ പറഞ്ഞു. സാധാരണ രീതിയിൽ റേഡിയേഷൻ ചെയ്യുമ്പോൾ സമീപത്തെ സ്വാഭാവിക കോശങ്ങളെയും ബാധിക്കാറുണ്ട്. എന്നാൽ ലീനിയർ ആക്സിലറേറ്റർ മെഷീൻ ഉപയോഗിക്കുമ്പോൾ ഇൗ പ്രശ്നം ഉണ്ടാകില്ല. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സംവിധാനം നിലവിലുണ്ട്. ഇംഗ്ലണ്ടിൽനിന്ന് എത്തിച്ച ഉപകരണം ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വർധിച്ച നികുതി അടക്കാൻ കഴിയാത്തതിനാൽ തുറമുഖത്ത് കെട്ടിക്കിടക്കുകയായിരുന്നു. 1.40 കോടി രൂപയാണ് ജി.എസ്.ടി നികുതി ഇനത്തിൽ അടക്കാനുണ്ടായിരുന്നത്. ആശുപത്രി വികസന ഫണ്ടിൽനിന്ന് തുക അടച്ചതോടെയാണ് യന്ത്രം വിട്ടുകിട്ടിയത്. പി. രാജീവ് രാജ്യസഭാംഗമായിരുന്ന കാലത്താണ് യന്ത്രം സ്ഥാപിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.