ബസ് പണിമുടക്ക് പൂർണം; യാത്രക്കാർ വലഞ്ഞു

കൊച്ചി: നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം. യാത്രക്കാർ വലഞ്ഞു. ഏതാനും ബസ് ഓപറേറ്റർമാർ പണിമുടക്കിൽനിന്ന് വിട്ടുനിന്നെങ്കിലും ഭൂരിഭാഗം ബസുകളും സർവിസ് നടത്തിയില്ല. മേനക ജങ്ഷന് സമീപം ബസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്നു. സെൻട്രൽ പൊലീസ് കേസെടുത്തു. മേനക-കലൂർ റൂട്ടിൽ സർവിസ് നടത്തുന്ന ശക്തി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പണിമുടക്ക് നടത്തിയ വിഭാഗത്തിലെ ആളുകളാണ് പിന്നിലെന്ന് ബസ് ജീവനക്കാരുടെ പരാതിയിൽ പറയുന്നു. ഓട്ടോറിക്ഷയിലെത്തിയ സംഘം തെറ്റാലി ഉപയോഗിച്ച് ചില്ല് തകർക്കുകയായിരുന്നുവത്രെ. എന്നാൽ, സംഭവവുമായി ബസ് ഓപറേറ്റേഴ്സ് കോൺഫെഡറേഷന് ബന്ധമില്ലെന്ന് കൺവീനർ ടി.ജെ. രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി സർവിസില്ലാത്ത മേഖലകളിൽ ജനങ്ങൾ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. എറണാകുളം ജങ്ഷൻ, ടൗൺ റെയിൽേവ സ്റ്റേഷനുകളിൽ എത്തിയ യാത്രക്കാർ ഓട്ടോറിക്ഷ, ടാക്സി എന്നിവയെ ആശ്രയിച്ചാണ് ലക്ഷ്യ സ്ഥാനങ്ങളിലെത്തിയത്. സീപോർട്ട് -എയർപോർട്ട് റോഡിൽ കെ.എസ്.ആർ.ടി.സി സർവിസ് ആവശ്യത്തിന് ഉണ്ടായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ, എറണാകുളം-കാക്കനാട് റൂട്ടിൽ ബസുകൾ കുറവായിരുന്നതിനാൽ ആളുകൾ വലഞ്ഞു. കലക്ടറേറ്റിൽ ജീവനക്കാരുടെ കുറവുണ്ടായി. പണിമുടക്ക് വിജയമായിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ പറഞ്ഞു. ജില്ലയിൽ ആകെ 20 ഓളം ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. കൊച്ചി നഗരത്തിൽ വിരലിലെണ്ണാവുന്ന ബസുകളെ ഓടിയുള്ളൂ. വൈപ്പിൻ-പറവൂർ മേഖലയിൽ ഉച്ചവരെ ഏതാനും ബസുകൾ സർവിസ് നടത്തി. തുടർന്ന് അവരും നിർത്തിെവച്ചു. വ്യാഴാഴ്ച രാത്രി ബസ് സമരം പിൻവലിച്ചതായുള്ള അഭ്യൂഹം പരന്നതാണ് ഉച്ചവരെ സർവിസ് നടത്താൻ കാരണമെന്ന് പണിമുടക്കിൽ പങ്കെടുത്ത ബസ് ഓപറേറ്റർമാർ പറയുന്നു. അങ്കമാലി, കൂത്താട്ടുകുളം, പെരുമ്പാവൂർ, പിറവം, മൂവാറ്റുപുഴ മേഖലകളിലും ബസുകൾ സർവിസ് നടത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.