ആശുപത്രി വളപ്പില്‍ ഔഷധത്തോട്ടം ഒരുക്കി വിദ്യാര്‍ഥികള്‍

വൈപ്പിന്‍: കർഷകദിനത്തിൽ എടവനക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം ഒരുക്കി നേവല്‍ എന്‍.സി.സി കാഡറ്റുകള്‍. എടവനക്കാട് എസ്.ഡി.പി.വെ.കെ.പി.എം ഹൈസ്‌കൂളിലെ നേവല്‍ എന്‍.സി.സി യൂനിറ്റിലെ 50 വിദ്യാര്‍ഥികളാണ് ഹരിതസേന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രി വളപ്പില്‍ ഔഷധത്തോട്ടം നിർമാണത്തിന് തുടക്കമിട്ടത്. വിദ്യാര്‍ഥികളില്‍ ശുചിത്വബോധം വളര്‍ത്തി മാലിന്യമുക്ത സമൂഹം കെട്ടിപ്പടുക്കാൻ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹരിതസേന. രാവിലെ ഏഴരയോടെ വാച്ചാക്കലിലെ ആശുപത്രി വളപ്പിലെത്തിയ കാഡറ്റുകള്‍ പ്രദേശം ശുചീകരിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവന്‍മിത്ര തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ വിവിധ ഇനത്തിൽപെട്ട ഔഷധസസ്യങ്ങളുടെ തൈകള്‍ നട്ടു. വൃക്ഷത്തൈകളുടെ പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ച് കമ്പിവേലി കെട്ടി. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ജിന്‍സിയുടെ നിര്‍ദേശപ്രകാരം ദശപുഷ്പങ്ങള്‍ക്ക് പ്രത്യേക തോട്ടവും കാഡറ്റുകള്‍ ഒരുക്കി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അസീന അബ്‌ദുല്‍ സലാം, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ജിന്‍സി, ഫാര്‍മസിസ്റ്റ് സി.എന്‍. ഗിരീശന്‍, പി.ടി.എ പ്രസിഡൻറ് എം.ബി. അയ്യൂബ്, എന്‍.സി.സി തേഡ് ഓഫിസര്‍ സുനില്‍ മാത്യു, അധ്യാപകരായ ജോര്‍ജ് അലോഷ്യസ്, കെ.എ. അയ്യൂബ്, ടി.എസ്. അരുണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.