കൊച്ചി: അറവു മാലിന്യങ്ങൾ തീൻമേശകളിൽ എത്തുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഹൈകോടതി. ഇവ ശരിയായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇറച്ചി ഉൽപന്നങ്ങളായി വിപണിയിലെത്തുന്ന അവസ്ഥ തടയണമെന്നും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. തിരുവല്ല നഗരസഭയിലെ ഇറച്ചിക്കച്ചവടം കരാറെടുത്തവർക്ക് അറവു മാലിന്യം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ നഗരസഭ നൽകിയ അപ്പീലിലാണ് വിധി. ഇറച്ചിക്കച്ചവടത്തിന് ലൈസൻസ് എടുത്തവർക്ക് ഇറച്ചി വിൽക്കാൻ മാത്രമാണ് അനുമതിയെന്നായിരുന്നു നഗരസഭയുടെ വാദം. അറവു മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്. ഇറച്ചി വിൽക്കാൻ ലൈസൻസ് ഉണ്ടെന്നതുകൊണ്ട് അറവുമാടുകളുടെ കൊമ്പും കുളമ്പും കുടലുമുൾപ്പെടെയുള്ള മാലിന്യം നീക്കംചെയ്യാൻ ഇവർക്ക് അവകാശമില്ല. അറവുമാലിന്യങ്ങൾ ഇറച്ചിക്കൊപ്പം കലർത്തി വിൽക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികശേഷി കുറഞ്ഞവർ ഇത്തരം വസ്തുക്കൾ വാങ്ങി ഉപയോഗിക്കും. അറവുമാലിന്യങ്ങൾ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും നഗരസഭ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനായി പ്രത്യേക ലൈസൻസ് വേണമെന്ന് അറിയില്ലായിരുന്നെന്നും ഇറച്ചിക്കായി അറവുമാടുകളെ വാങ്ങുന്നവർക്ക് അവശിഷ്ടങ്ങളിൽ അവകാശമുണ്ടെന്നും കച്ചവടക്കാർ വ്യക്തമാക്കി. തിരുവല്ല നഗരസഭയിൽ ഒരു തവണ 14 ലക്ഷം രൂപയ്ക്കാണ് അറവുമാലിന്യങ്ങൾ ലേലത്തിൽ പോയതെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇത്തരം മാലിന്യങ്ങൾ ഇറച്ചിയോ ഇറച്ചിയുൽപന്നമായോ വീണ്ടും മാർക്കറ്റിൽ എത്തുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചത്. അറവുമാലിന്യങ്ങൾ നീക്കം ചെയ്യാൻ ലൈസൻസ് ഉള്ളവർക്കാണ് ഇവ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ഇത്തരത്തിൽ ലൈസൻസുള്ളവർ മാലിന്യങ്ങൾ നീക്കുന്നില്ലെങ്കിൽ മാത്രമാണ് നഗരസഭയ്ക്ക് അവകാശം. എങ്കിലും ലൈസൻസുള്ളവർ മാലിന്യം ശരിയായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നഗരസഭക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.