മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ ദേശീയ ശുചിത്വ മിഷനും ബ്ലോക്ക് പഞ്ചായത്തും കൂടി നിർമിക്കുന്ന ശൗചാലയത്തിനെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. കമ്യൂണിറ്റി ഹെൽത്ത് സെൻറർ, ഇലക്ട്രിസിറ്റി ഓഫിസ്, പാൽ സൊസൈറ്റി, റേഷൻ കട, ബാങ്ക് തുടങ്ങിയ പൊതുസ്ഥാപനങ്ങൾക്കു സമീപം ഏവർക്കും ഉപകാരപ്രദമായ രീതിയിൽ ശൗചാലയം നിർമിക്കുന്നതിനെ എതിർക്കുന്നത് സ്ഥാപിത താൽപര്യം മൂലമാണെന്ന് ആരക്കുഴ പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞും ഏഴ് അംഗങ്ങളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2000ൽ കാത്തിരിപ്പുകേന്ദ്രവും ശൗചാലയ നിർമാണവും ഉൾപ്പെടെ 20 മീറ്റർ വീതിയിൽ റോഡ് വികസനത്തിന് പദ്ധതിയിട്ട് അധികൃതർ സ്ഥലം ഏറ്റെടുത്തിരുന്നു. 2005ൽ മാത്രമാണ് പരാതിക്കാരായ കുടുംബം ഇവിടെ താമസത്തിനെത്തുന്നത്. ഇപ്പോൾ ഇവർ മറ്റൊരിടത്താണ് താമസിക്കുന്നത്. സ്ഥലമുടമയുടെ പരാതികളിൽ കഴമ്പില്ലെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ, ബ്ലോക്ക് പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സി. എൻജിനീയർ എന്നിവർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇവരുടെ വളപ്പിലെ കിണറ്റിൽനിന്ന് ഏഴര മീറ്റർ മാറ്റി സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാമെന്നാണ് സി.എച്ച്.സി മെഡിക്കൽ ഓഫിസർ പറയുന്നത്. ഇവിടെ 12 മീറ്ററിലേറെ ദൂരം നിർദിഷ്ട ശൗചാലയത്തിലേക്കുണ്ടെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതിക്കാരിയുടെ വളപ്പിൽനിന്ന് ശൗചാലയം നിർമിക്കാനുദ്ദേശിക്കുന്ന റോഡിലേക്ക് പ്രവേശനകവാടംപോലും ഇല്ല. ജൂൺ 16ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ രണ്ട് അംഗങ്ങൾ മാത്രമാണ് ശൗചാലയം നിർമിക്കുന്നതിനെ എതിർത്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കരാറുകാരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് അംഗങ്ങളായ റാണി ജെയ്സൺ, സിബി കുര്യാക്കോസ്, സാന്ദ്ര കെന്നഡി, മിനി രാജു, സെലിൻ ചെറിയാൻ, മേഴ്സി ജോസ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.