പ്രായം 93 ആയെങ്കിലും മാന്നാർ കുരട്ടിക്കാട് കളക്കാട്ട് കെ.ജി. രാമചന്ദ്രൻ പിള്ളയുടെ മനസ്സിൽ ആ ഒാർമകൾക്ക് തളർച്ചയില്ല. രാഷ്ട്രപിതാവും അനുയായിവൃന്ദവും കാളവണ്ടിയിൽ നാട്ടിലൂടെ പോയത് എങ്ങനെ മറക്കാനാകും. മേജർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ അക്കാലത്തെ സർവാധികാരിയായിരുന്ന അച്ഛൻ ഗോപാലപിള്ളയോടൊപ്പമാണ് മഹാത്മാഗാന്ധിയെ കാണാൻ തട്ടാരമ്പലത്ത് പോയത്. ആലപ്പുഴ-, അമ്പലപ്പുഴ, ഹരിപ്പാട്,- തട്ടാരമ്പലം-, മാവേലിക്കര വഴി ചെങ്ങന്നൂരിലേക്കുള്ള യാത്രാമധ്യേയാണ് തട്ടാരമ്പലത്ത് ഒരു രാത്രി അദ്ദേഹം തങ്ങിയത്. പ്രൈമറി ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അറിവുകൾ ഉൾക്കൊണ്ട് ആവേശം നിറഞ്ഞ കാലമായിരുന്നു. തട്ടാരമ്പലത്ത് അന്ന് രാത്രി സമ്മേളനവുമുണ്ടായിരുന്നു. അതിൽ പെങ്കടുക്കാനാണ് ഗാന്ധിജി കാളവണ്ടിയിൽ വരുന്നത്. പത്തോളം കാളവണ്ടികളാണ് ഉണ്ടായിരുന്നത്. ആവശ്യമായ സാധനസാമഗ്രികൾ കൂടെ കൊണ്ടുപോകാനും കാളവണ്ടിയാണ് ഉപയോഗിച്ചത്. ഗാന്ധിജി നൽകിയ ആവേശം പിന്നീട് തന്നെ ഗാന്ധിയൻ ആദർശാശയങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ കർമനിരതനാക്കിയെന്ന് അദ്ദേഹം പറയുന്നു. 1959 മുതൽ '82 വരെ മാന്നാർ നായർസമാജം ബോയ്സ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു. ആദ്യകാലത്ത് പി.എസ്.പിയിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ചു. ശാരീരികമായ അവശതകളെത്തുടർന്ന് ഇപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങി യാത്ര ചെയ്യാറില്ല. എങ്കിലും ഓർമകളുടെ പിന്നാമ്പുറങ്ങളിലേക്ക് പോകുമ്പോൾ, പഴയകാലത്തെ കാര്യങ്ങൾ പറയുമ്പോൾ ആവേശഭരിതനാകും. ശാന്തകുമാരിയമ്മയാണ് ഭാര്യ. ഗിരിജ വേണുഗോപാൽ, ഗീതാ പുരുഷോത്തമൻ പിള്ള, ആർ. നാരായണപിള്ള എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.