നഴ്‌സിങ് വിദ്യാഭ്യാസ തട്ടിപ്പ്; എഴുപുന്നയിലെ ട്രസ്​റ്റ്​ ഉടമകള്‍ക്കെതിരെ കേസ്

ചേര്‍ത്തല: ലക്ഷങ്ങള്‍ വാങ്ങി കര്‍ണാടകയിലെ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റിക്രൂട്ട്‌മ​െൻറ് നടത്തിയെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എഴുപുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീസൗപര്‍ണിക എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡൻറ് കെ.പി. രണദേവന്‍, മകന്‍ രജിന്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചനക്കുറ്റം ചുമത്തി അരൂര്‍ പൊലീസ് കേസെടുത്തത്. കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് തിങ്കളാഴ്ച ചേര്‍ത്തല ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലുള്ളവരാണ് പരാതിക്കാര്‍. രണ്ടു ലക്ഷത്തി​െൻറ സ്‌കോളര്‍ഷിപ്പ് അനുവദിച്ചതായി പ്ലസ് ടു വിദ്യാര്‍ഥികളെ കത്ത് മുഖേന അറിയിച്ചാണ് കുട്ടികളെയും രക്ഷിതാക്കളെയും ട്രസ്റ്റ് വലയിലാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനാണ് സ്‌കോളര്‍ഷിപ്പെന്ന് കത്തിലുണ്ട്. ട്രസ്റ്റി​െൻറ കീഴിലെ സ്ഥാപനങ്ങളില്‍ കോഴ്‌സ് തെരഞ്ഞെടുക്കാനും യൂനിഫോം, പുസ്തകം തുടങ്ങിയവക്കും അനുബന്ധ ചെലവുകള്‍ സൗജന്യമാക്കുന്നതിനും കുട്ടികള്‍ക്ക് അവസരം ലഭിച്ചുവെന്നും കത്തില്‍ പറയുന്നു. സ്‌കോളര്‍ഷിപ് തുകയുടെ ചെക്ക് കൈപ്പറ്റുന്നതിന് ട്രസ്റ്റ് ചെയര്‍മാ​െൻറ ഓഫിസില്‍ ഫോട്ടോയും എസ്.എസ്.എൽ.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്താനും കത്തിലൂടെ നിര്‍ദേശിച്ചു. എഴുപുന്നയിലെ ട്രസ്റ്റ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വാങ്ങിെവച്ചാണ് കുട്ടികളെയും രക്ഷിതാക്കളെയും കെണിയിലാക്കിയത്. തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും ഇരയായവര്‍ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരാകയാൽ വ്യാപകമായ അന്വേഷണം വേണ്ടിവരുമെന്നും അരൂര്‍ എസ്‌.ഐ റെനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.