സഹകരണാശുപത്രിക്ക് വീണ്ടും റവന്യൂ ഭൂമി: മോഹം മനസ്സിലിരിക്കട്ടെയെന്ന് മുഖ്യമന്ത്രി

കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിക്ക് 40 സ​െൻറ് സര്‍ക്കാര്‍ ഭൂമി കൂടി വേണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. ആശുപത്രിയുടെ രണ്ടാംഘട്ട വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ആശുപത്രിക്ക് നല്‍കുന്നതിനോട് മുഖ്യമന്ത്രി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. ജില്ല പഞ്ചായത്ത് കാര്യാലയത്തിന് സമീപം സീപോര്‍ട്ട്-എയര്‍പോര്‍ട്ടിന് അഭിമുഖമായി കോടികള്‍ വിലമതിക്കുന്ന 60 സ​െൻറ് സ്ഥലം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ നിലവിലെ സഹകരണാശുപത്രിയോട് ചേർന്ന് 40 സ​െൻറ് കൂടി വേണമെന്നായിരുന്നു സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രി ഭരണസമിതിയുടെ ആവശ്യം. എന്നാല്‍, പുറമ്പോക്ക് ഭൂമി മോഹവുമായി നടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വേദിയില്‍ പരസ്യമായി തുറന്നടിച്ചത് ആശുപത്രി ഭരണ സമിതിക്ക് ഓർക്കാപ്പുറത്ത് കിട്ടിയ ഇരുട്ടടിയായി. വ്യവസായ പുനരുദ്ധാരണ ബോര്‍ഡ് ചെയര്‍മാനും സഹകരണാശുപത്രി പ്രസിഡൻറുമായ എം.പി. സുകുമാരന്‍ നായരാണ് സ്ഥലം അനുവദിച്ചു തരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സ്ഥലം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപനം നടത്തുമെന്നായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് പ്രതീക്ഷിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയെ പ്രസിഡൻറ് ധരിപ്പിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ സ്ഥലം വേണമെങ്കില്‍ സ്വന്തം നിലയില്‍ വിഭവസമാഹരണം നടത്തി വാങ്ങണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. കാക്കനാട് കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലം കിട്ടാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്. ആശുപത്രി ഭരണസമിതിയുടെ പൊതുവായ ആവശ്യത്തോട് മുഖ്യമന്ത്രി മുഖം തിരിക്കാനുണ്ടായ കാരണം വ്യക്തമല്ല. കാക്കനാട് വില്ലേജില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സഹകരണആശുപത്രിക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ നടപടികൾ പൂര്‍ത്തിയാക്കിയതാണ്. സ​െൻറിന് ഒരു ലക്ഷം രൂപ റോയല്‍റ്റിയും നിശ്ചയിച്ചിരുന്നു. വാര്‍ഷിക റോയൽറ്റി കുറക്കണമെന്നാവശ്യപ്പെട്ട് സഹകരണാശുപത്രി അധികൃതര്‍ രാഷ്ട്രീയ സമ്മര്‍ദവും ചെലുത്തിയിരുന്നു. സര്‍ക്കാര്‍ ആദ്യം പാട്ടത്തിന് നല്‍കിയ 60 സ​െൻറിന് 36,000 രൂപയാണ് വാര്‍ഷിക റോയല്‍റ്റി നിശ്ചയിച്ചിരുന്നത്. സഹകരണാശുപത്രിയുടെ കിഴക്ക് ഭാഗത്തുള്ള റവന്യൂ പുറമ്പോക്ക് കൂടി കൈവശപ്പെടുത്തി കെ.ബി.പി.എസ് റോഡില്‍നിന്ന് രണ്ടാമത്തെ കവാടം നിര്‍മിക്കാനായിരുന്നു ലക്ഷ്യം. ആശുപത്രി വികസനത്തോടൊപ്പം വാണിജ്യ സമുച്ചയം കൂടി നിര്‍മിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി പ്രതികൂല നിലപാട് സ്വീകരിച്ചതോടെ ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.