സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കാന്‍ നടപടി -^മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കാന്‍ നടപടി --മുഖ്യമന്ത്രി കാക്കനാട്: ചികിത്സക്കായി വൻ തുക വാങ്ങുന്ന സ്വകാര്യ ആശുപത്രികളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ചെലവ് നിയന്ത്രിക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയുടെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയെത്തിയ മുരുകന് ചികിത്സ നിഷേധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ സമീപനത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കേരളം മറ്റുള്ളവരോട് വലിയ തോതില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്ന നാടാണ്. മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത കോഴിക്കോട് സ്വദേശി നൗഷാദ് ഉള്‍പ്പെടെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. എന്നാല്‍, മുരുക​െൻറ കാര്യത്തില്‍ ആ സഹാനുഭൂതിയുണ്ടായില്ല. പരിക്കേറ്റയാളെ രക്ഷിക്കാന്‍ പല വാതിലിലും മുട്ടിയെങ്കിലും ആരും പ്രവേശിപ്പിച്ചില്ല. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതല്ല കേരളീയരുടെ സംസ്‌കാരം. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. രോഗികളുടെ ജീവന്‍ രക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. പണം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് നോക്കേണ്ടതില്ല. അമിതലാഭം പ്രതീക്ഷിച്ച് രോഗികളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രി പ്രസിഡൻറ് എം.പി. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എല്‍.എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു, ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന മെഹര്‍ അലി, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിനി ഉണ്ണി, സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാര്‍ എം.എസ്. ലൈല തുടങ്ങിയവര്‍ പങ്കെടുത്തു. ആശുപത്രി ഡയറക്ടര്‍ എം.എം. അബ്ബാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ കെ.മോഹനന്‍ സ്വാഗതവും സലിം കുന്നുംപുറം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.