കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശവമഞ്ചവുമായി പ്രതിഷേധം നടത്തി. ഗോശ്രീ പാലത്തിന് സമീപമാണ് ഗതാഗതം തടസ്സപ്പെടുത്താതെ റോഡരികിൽ യൂത്ത് കോൺഗ്രസുകാർ ശവമഞ്ചവുമായി പ്രതിഷേധിച്ചത്. നഗരത്തിലെ പാർക്ക് അവന്യൂ റോഡ്, തമ്മനം-പുല്ലേപ്പടി റോഡ്, കലൂർ-കതൃക്കടവ് റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നീ പ്രധാനപ്പെട്ട പാതകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് പൊതുമരാമത്തിെൻറ കഴിവുകേടാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഹർത്താൽ ദിനത്തിൽ കൊച്ചി നഗരസഭക്ക് മുന്നിലെ റോഡിലെ കുഴികൾ പ്രവർത്തകർ മണ്ണും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുൾപ്പെടെയുള്ള യാത്രക്കാർക്ക് ജീവന് ഭീഷണിയാകുന്ന ഈ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പൊതുമരാമത്തുമന്ത്രിയെയും വകുപ്പ് ഉദ്യോഗസ്ഥരെയും വഴിയിൽ പിടിച്ചുനിർത്തുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ടിബിൻ ദേവസി, കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാൻ, നേതാക്കന്മാരായ ഷാൻ പുതുപറമ്പിൽ, അനൂപ് എളംകുളം, ടെൻസൺ ജോൺ, ഡികൂ ജോസ്, ബ്രയാൻ ആൻഡ്രൂസ്, രഞ്ജിത്, ലാക്സൻ, സിജോ, നോർമൻ ജോസഫ്, നന്ദകിഷോർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.