മൂവാറ്റുപുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. പിറവം കക്കാട് ഇടയത്ത്പറമ്പില്‍ ഇ.ജെ. തോമസ് നല്‍കിയ ഹരജിയിലാണ് നടപടി. 2010-15 വർഷത്തിൽ പിറവം പഞ്ചായത്ത് പ്രസിഡൻറും പിന്നീട് മുനിസിപ്പല്‍ ചെയര്‍മാനും ആയിരിക്കെ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് പണം സമ്പാദിച്ചെന്നാണ് പരാതി. ആമ്പല്ലൂരില്‍നിന്ന് മോനിപ്പിള്ളിയിലേക്ക് റോഡ് വീതി വർധിപ്പിക്കാൻ കേന്ദ്രഫണ്ടില്‍നിന്ന് അനുവദിച്ച 13 കോടിയില്‍ കരാറുകാരുമായി ചേര്‍ന്ന് 3.90 കോടി സമ്പാദിെച്ചന്നാണ് ഒരു പരാതി. പിറവം-ആറ്റുതീരം റോഡ് പണിയുമായി ബന്ധപ്പെട്ട് 33 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നും റോഡ് പണിക്കുവേണ്ടി മാറ്റിയ മണ്ണ്, ഇഷ്ടിക നിർമാണ യൂനിറ്റുകള്‍ക്ക് നല്‍കിയെന്നതും പരാതിയിലുണ്ട്. പാറമടകളില്‍നിന്ന് തള്ളുന്ന മട്ടിക്കല്ല് ഉപയോഗിച്ച് റോഡ് നിർമാണം, പുതിയ ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന കടമുറികള്‍ അറ്റകുറ്റപ്പണി നടത്തി ലേലം ചെയ്യല്‍, സിവില്‍ സപ്ലൈസ് മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് പണം മുടക്കി ബസ് സ്റ്റാൻഡ് നവീകരണം, പിറവം പുഴയില്‍നിന്ന് മണല്‍ വില്‍പന എന്നിവയുമായി ബന്ധപ്പെട്ടും ആരോപണമുണ്ട്. ഭാര്യയുടെ പേരിലെ സ്ഥലത്ത് അഞ്ചുകോടി മുടക്കി വീട് പണിതതും വിലപ്പിടിപ്പുള്ള കാര്‍ വാങ്ങിയതും അഴിമതി പണമാണെന്നും ഓടകള്‍ നിർമിക്കുന്നതിലും ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലും ചെയര്‍മാെൻറ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്. പിറവം ഫെസ്റ്റ് നടത്തുന്നത് അഴിമതിക്കുവേണ്ടിയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ജില്ല വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ സെല്ലിനോട് അന്വേഷിച്ച് 30 നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ജഡ്ജി കലാംപാഷയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.