ബ്രിട്ടീഷ് സൈന്യത്തെ തുരത്തിയ പോരാട്ടം

മട്ടാഞ്ചേരി: ബ്രിട്ടീഷ് സൈന്യെത്ത തുരത്തിയോടിച്ച് വിജയം വരിച്ച ഒരു ചരിത്രവും ഫോർട്ട് കൊച്ചിക്കുണ്ട്. പാലിയത്തച്ച​െൻറ പോരാട്ടവീര്യമായിരുന്നു ആ വിജയം സമ്മാനിച്ചത്. മെക്കാെള പ്രഭുവി​െൻറ ഭരണകാലം. പ്രഭു താമസിച്ചിരുന്ന ഫോർട്ട് കൊച്ചിയിലെ ബാസ്റ്റ്യൻ ബംഗ്ലാവ് പാലിയത്തച്ചനും കൂട്ടരും വളഞ്ഞു. ആകസ്മികമായ മുന്നേറ്റമായിരുന്നു ഇവർ നടത്തിയത്. കൊച്ചി, വൈപ്പിൻ, ഇടക്കൊച്ചി എന്നീ മൂന്നു മേഖലകളിലൂടെ ജലമാർഗം ഫോർട്ട് കൊച്ചിയിലെത്തിയ പാലിയത്തച്ചനും സംഘവും ബംഗ്ലാവ് വളഞ്ഞ് തീപ്പന്തങ്ങൾ എറിഞ്ഞു. ബംഗ്ലാവി​െൻറ താഴത്തെ നില മണൽ നിറച്ച് അതിന് മുകളിലാണ് സൈന്യം തമ്പടിച്ചിരുന്നത്. ബംഗ്ലാവിലേക്ക് ശത്രുപക്ഷത്തുനിന്ന് വെടിയുണ്ട ഉതിർത്താൽ വെടിയുണ്ടകൾ മണലിൽ പുതഞ്ഞുപോകുന്നതിനായിരുന്നു ഇത്. ഏറെ വെടിയുണ്ടകൾ ഉതിർത്തിട്ടും കെട്ടിടം തകരാതിരിക്കുമ്പോൾ ശക്തമായ കോട്ടയാണെന്ന് തെറ്റിദ്ധരിച്ച് ശത്രുക്കൾ മടങ്ങിപ്പോകുന്നതിനുള്ള തന്ത്രം കൂടിയായിരുന്നു ഇത്. ഈ തന്ത്രം നേരേത്ത മനസ്സിലാക്കിയ പാലിയത്തച്ചൻ മുകൾനിലയിലേക്ക് പ്രത്യേക എണ്ണയിൽ മുക്കിയ തീപ്പന്തങ്ങൾ എറിഞ്ഞതോടെ ബ്രിട്ടീഷ് സൈനികർ പരിഭ്രാന്തരായി നാലുപാടും ഓടിയതായാണ് ചരിത്രം. ശത്രുപക്ഷത്തെ അംഗസംഖ്യ കണ്ടതോടെ മെക്കാെള പ്രഭു ബാസ്റ്റിൻ ബംഗ്ലാവിലെ തുരങ്കപാതയിലൂടെ രക്ഷപ്പെട്ടതായി ചരിത്രം പറയുന്നു. മെക്കാെള പ്രഭുവിനെ പിടികൂടാൻ വന്ന പാലിയത്തച്ചൻ പ്രഭു രക്ഷപ്പെട്ട വിവരമറിഞ്ഞ് മടങ്ങിയതായും പറയുന്നു. സ്വാതന്ത്ര്യ സമരത്തിൽ തിരുവിതാംകൂറിലെ വേലുത്തമ്പി ദളവക്ക് കൂട്ടുനിന്ന പാലിയത്തച്ചന് അവസാനം കീഴടങ്ങേണ്ടി വന്നുവെന്നതും ചരിത്രം. 1809 ഫെബ്രുവരി 27ന് ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ പാലിയത്തച്ചനെ മദ്രാസിലേക്ക് നാടുകടത്തി. തുടർന്നാണ് കൊച്ചിയിൽ ദിവാൻ ഭരണം ആരംഭിച്ചത്. 1503ൽ പോർചുഗീസുകാർ ഫോർട്ട് കൊച്ചിയുടെ കടൽത്തീരത്ത് പോർചുഗീസ് രാജാവായിരുന്ന ഇമ്മാനുവലി​െൻറ നാമധേയത്തിൽ കോട്ട പണിതു. ഈ കോട്ടയുടെ രക്ഷക്കായി പീരങ്കികളുടെ കാവലുള്ള ഏഴ് കൊത്തളങ്ങൾ പണിതു. ഇവയിൽ അവശേഷിക്കുന്ന കൊത്തളങ്ങളിൽ ഒന്നാണ് ബാസ്റ്റിൻ ബംഗ്ലാവ്. ഇന്ത്യ സ്വതന്ത്രമായതോടെ ഈ ബംഗ്ലാവ് ആർ.ഡി.ഒമാരുടെ ഒൗദ്യോഗിക വസതിയായി മാറി. അടുത്തിടെ ബംഗ്ലാവ് മ്യൂസിയമാക്കി മാറ്റി. മെക്കാെള പ്രഭു രക്ഷപ്പെട്ടതായി പറയുന്ന തുരങ്കപാത കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ഹോട്ടൽ നിർമാണത്തിനിടെ തെളിഞ്ഞു കണ്ടെങ്കിലും ഹോട്ടൽ ഉടമയുടെ സ്വാധീനം മൂലം ഇത് മൂടപ്പെട്ടു. ചരിത്രം അന്വേഷിച്ചുകണ്ടെത്താൻ കോടികൾ മുടക്കി ഖനനങ്ങൾ വരെ നടത്തുമ്പോഴാണ് ഇവിടെ തെളിഞ്ഞുവന്ന ചരിത്രം കല്ലിട്ടു മൂടി മുകളിൽ കെട്ടിടം പണിതത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.