കാലടി: അദ്ഭുത സിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. ആന്ധ്രപ്രദേശ് സൈനിക്പുരി ഡിഫൻസ് കോളനിയിൽ മദനമോഷ രാജുവാണ് (36) പിടിയിലായത്. എം.ബി.എ ബിരുദധാരിയായ പ്രതി ജോൺ മിൽട്ടൺ എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. ഇതേ പേരിൽ തിരിച്ചറിയൽ കാർഡും ഫോൺ കണക്ഷനും തരപ്പെടുത്തിയശേഷം ഇതുപയോഗിച്ച് ഇടപാടുകാരെ ബന്ധപ്പെടുന്നതാണ് രീതി. ഇടപാടുകാരെ വശീകരിക്കുന്ന രീതിയിൽ സംസാരിക്കുന്ന പ്രതി, റൈസ് പുള്ളറിന് അത്ര ശക്തിയുണ്ടെന്നും ഇറീഡിയം അടങ്ങിയ ചെമ്പ് കുടമുണ്ടെന്നും ഇറീഡിയത്തിെൻറ ശക്തിയനുസരിച്ച് വൻവില ലഭിക്കുമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. റൈസ് പുള്ളറിെൻറ ശക്തി പരിശോധന എന്ന പേരിൽ അരിമണി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി കൃത്രിമത്വം സൃഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. വിദേശരാജ്യങ്ങളിൽ വൻ ഡിമാൻഡാണെന്നും റൈസ് പുള്ളർ വിലയ്ക്കു വാങ്ങി നൽകാമെന്നും പറഞ്ഞ് ലക്ഷങ്ങളാണ് വിലയിടുന്നത്. ഹൈദരാബാദ് കേന്ദ്രമായ മാക്സി സൊലൂഷൻസ് എന്ന കമ്പനി, ശക്തിയുള്ള റൈസ് പുള്ളർ കോടികൾ വിലയിട്ട് തിരികെ വാങ്ങുമെന്നും ഇടപാടുകാരനെ അറിയിച്ച് വലിയ തുക അഡ്വാൻസായി സ്വീകരിക്കും. തിരികെ വാങ്ങുന്ന റൈസ് പുള്ളറിെൻറ തുക ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണ് പ്രതി ഇടപാടുകാരെ അറിയിക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ നിരവധി പേരിൽനിന്ന് കോടികളാണ് തട്ടിയെടുത്തിരിക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റ്ചെയ്യുമെന്നും സി.ഐ സജി മാർക്കോസ് പറഞ്ഞു. പ്രതിയുടെ കൂട്ടാളികളാണ് റൈസ് പുള്ളർ വിൽപനക്ക് വൻകിട ഹോട്ടലുകളിൽ എത്തി തട്ടിപ്പിന് സഹായിക്കുന്നത്. ആഡംബര ഹോട്ടലുകളിലാണ് ഇവർ ഇടപാടുകാരെ വിളിച്ചു വരുത്തി തട്ടിപ്പ് നടത്തുന്നത്. രഹസ്യമായി സൂക്ഷിക്കാൻ കൂടുതലായും നേരിട്ടുള്ള പണമിടപാടുകളാണ് നടത്തുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും കേരളത്തിന് പുറത്തുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പ്രതിയെ സഹായിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. റൂറൽ എസ്.പി എ.വി. ജോർജിന് മേക്കാലടി സ്വദേശിയായ നൗഷാദ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരുമ്പാവൂർ ഡിവൈ.എസ്.പി ജി.വേണുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം. എസ്.െഎ. എൻ.എ. അനൂപ്, െപാലീസ് ഓഫിസർമാരായ ഷാജി, ബേബി, ശ്രീകുമാർ, അബ്ദുൽ സത്താർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. കാലടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.