സർവർ തകരാറിലായി; ട്രഷറികളിൽ പെൻഷനും ശമ്പള വിതരണവും തടസ്സപ്പെട്ടു

ആലപ്പുഴ: സർവർ തകരാറിലായതോടെ ട്രഷറികളിൽ പെൻഷനും ശമ്പള വിതരണവും തടസ്സപ്പെട്ടു. ജില്ലയിൽ ആലപ്പുഴ മുപ്പാലത്തിന് സമീപത്തെ പെൻഷൻ ട്രഷറി, മങ്കൊമ്പ് സബ്ട്രഷറി എന്നിവിടങ്ങളിലാണ് പ്രശ്നം കൂടുതലായി ബാധിച്ചത്. രാവിലെ 10ഓടെ പണം പിൻവലിക്കാൻ ഇടപാടുകാർ വൻതോതിൽ എത്തിയതാണ് സർവർ തകരാറാകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഇൻറർനെറ്റ് ബില്ല് പണം ധനവകുപ്പ് അടക്കാത്തതിനാൽ ബി.എസ്.എൻ.എൽ കണക്ഷൻ വിച്ഛേദിച്ചതാണ് പെൻഷൻ ട്രഷറിയിലെ പ്രശ്നത്തിന് കാരണമെന്ന് പെൻഷൻ വാങ്ങാനെത്തിയവർ ആരോപിച്ചു. പെൻഷനുവേണ്ടി മണിക്കൂറോളം കാത്തുനിന്ന വയോജനങ്ങൾ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നിരാശരായി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും എത്തിയവർ ഭക്ഷണംപോലും കഴിക്കാതെയാണ് കാത്തുനിന്നത്. അടിയന്തരമായി പണം ആവശ്യമായവർക്ക് ലഭിച്ചില്ല. പെൻഷൻ ട്രഷറിയിൽ പണത്തിനായി എത്തിയ അമ്പതോളം പേർക്കുമാത്രമാണ് തുക നേരിട്ട് വാങ്ങാൻ കഴിഞ്ഞത്. മങ്കൊമ്പ് സബ് ട്രഷറിയിലും സമാനമായ സംഭവങ്ങളാണ് ഉണ്ടായത്. ഇവിടെയും ഇടപാടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പണത്തിനായി കാത്തുനിന്നവർക്ക് ടോക്കൺ നൽകി പറഞ്ഞയക്കുകയും ചെയ്തു. പണം വാങ്ങാനെത്തിയവർ ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി. ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ജില്ല ട്രഷറി ഓഫിസർ പ്രശ്നത്തിൽ ഇടെപട്ടിട്ടുണ്ട്. പണവിതരണത്തിന് ജില്ല ട്രഷറിയിൽ അഞ്ച് അധിക കൗണ്ടറുകൾകൂടി ചൊവ്വാഴ്ച തുറന്നു. എല്ലാവർക്കും പണം കിട്ടുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും പ്രശ്നം മൂന്നു ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. പെൻഷൻ, ശമ്പളം ലഭിക്കാത്തവർ ജില്ല ട്രഷറിയിൽ എത്തിയാൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഡി.സി.സി നേതൃയോഗം നാലിന് ആലപ്പുഴ: കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻറുമാർ, പോഷക സംഘടന ജില്ല പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കുന്ന ഡി.സി.സി നേതൃയോഗം വെള്ളിയാഴ്ച. ഉച്ചക്കുശേഷം 2.30ന് ആർ. ശങ്കർ മെമ്മേറിയൽ കോൺഗ്രസ് ഭവനിലാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.