അങ്കമാലി: ദേശീയപാതയിൽ അശാസ്ത്രീയ രീതിയിൽ റോഡ് നവീകരിക്കുന്നത് അപകടത്തിനും പൊടിശല്യം രൂക്ഷമാകുന്നതിനും കാരണമാകുന്നതായി പരാതി. റോഡിലെ മിനുസം ഒഴിവാക്കി ഗ്രിപ് ഉണ്ടാക്കുന്നതിന് നടത്തുന്ന ചിപ്പിങ് നിർമാണമാണ് പരാതിക്ക് കാരണമായിരിക്കുന്നത്. ദേശീയപാതയില്‍ കൊരട്ടി മുതല്‍ ആലുവ പുളിഞ്ചോട് വരെയാണ് ആദ്യഘട്ട നിർമാണം ആരംഭിച്ചത്. റോഡിലെ ടാറിങ് പൊളിച്ച് ചെറിയകള്ളികളോടെയുള്ള ഗ്രിപ്പിങ്ങാണ് നടത്തുന്നത്. നിര്‍മാണം ആരംഭിച്ചിട്ട് ഒരാഴ്ചയിലധികമായി. ടാറിങ് പൊളിഞ്ഞ അവശിഷ്ങ്ങള്‍ റോഡില്‍ കുമിഞ്ഞുകൂടിയതിനാല്‍ പൊടിശല്യംമൂലം യാത്രക്കാരും കച്ചവടക്കാരും സമീപവാസികളും ദുരിതത്തിലായി. ചിപ്പിങ് നടത്തി പോകുന്നതല്ലാതെ പൊടിയും ചീളുകളും റോഡില്‍നിന്ന് നീക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇരുചക്രവാഹനങ്ങള്‍ ചിപ്പിങ് നടത്തിയ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നിയന്ത്രണംതെറ്റി മറിയുന്നതും പതിവാണ്. മെറ്റല്‍പൊടിയും ടാറിങ്ങും കലര്‍ന്ന മിശ്രിതം റോഡില്‍ നിറഞ്ഞതാണ് ഇരുചക്രവാഹനങ്ങള്‍ തെന്നി മറിയാൻ കാരണം. അപകടം ഇല്ലാതാക്കുന്നതിന് മഴക്കാലത്തിനുമുമ്പ് റോഡിലെ മിനുസം ഒഴിവാക്കി സുരക്ഷിതമാക്കുകയാണ് ലക്ഷ്യെമന്ന് അധികൃതര്‍ പറയുന്നു. എന്നാൽ, അപകടം ഒഴിവാക്കാൻ നടത്തുന്ന പ്രവൃത്തി ഇരുചക്രവാഹനങ്ങൾ തെന്നിമറിയാൻ കാരണമാകുന്നു. കറുകുറ്റി, അങ്കമാലി, ചെറിയവാപ്പാലശ്ശേരി, കരിയാട്, അത്താണി, ദേശം കുന്നുംപുറം, മംഗലപ്പുഴപ്പാലം അടക്കമുള്ള ഭാഗങ്ങളിലെ ചിപ്പിങ്ങിലും പൊടിപടലങ്ങളിലും തെന്നി ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് പലര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. പൊളിച്ചെടുക്കുന്ന മിശ്രിതം മാറ്റുകയോ റോഡില്‍ സുരക്ഷസംവിധാനം വരുത്തുകയോ ചെയ്യാതെയാണ് ചിപ്പിങ് പുരോഗമിക്കുന്നത്. അത്താണി ജങ്ഷനില്‍ കഴിഞ്ഞദിവസം സിഗ്നല്‍ തെളിഞ്ഞതോടെ അങ്കമാലിയില്‍നിന്ന് വരുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മാഞ്ഞാലി റോഡിലേക്ക് തിരിഞ്ഞതോടെ പൊടിയില്‍ തെന്നി മറിഞ്ഞെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആലുവ: ആലുവയില്‍ തോട്ടക്കാട്ടുകര ഭാഗത്താണ് ടാര്‍ പൊടിയുടെ ശല്യം രൂക്ഷമായത്. തോട്ടക്കാട്ടുകര മുതല്‍ പറവൂര്‍ കവല വരെ ദേശീയപാതയില്‍ ചിപ്പിങ് നടത്തിയിരുന്നു. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും വാഹനങ്ങള്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് തെന്നി മാറാതിരിക്കാനുമാണ് ചിപ്പിങ് നടത്തിയത്. എന്നാല്‍, അതിനുശേഷം റോഡില്‍ ടാര്‍ പൊടി കെട്ടിക്കിടക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടേതടക്കം കണ്ണിലും മുഖത്തും ടാര്‍ പൊടി വീഴുന്നത് പതിവായി. സാധാരണ ചിപ്പിങ്ങിനുശേഷം ടാർപൊടി നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, ഇതിനുവേണ്ടി കരാറെടുത്തവര്‍ അത് നീക്കം ചെയ്യാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. പൊടിയേറിയത് പ്രദേശത്തെ വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. കടയില്‍ സൂക്ഷിച്ച വസ്തുക്കള്‍ പൊടിമൂലം വേഗത്തില്‍ കേടാവുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അടിയന്തരമായി പൊടി നീക്കം ചെയ്തില്ലെങ്കില്‍ പ്രതിഷേധമുള്‍പ്പെടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികളും വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.