ഹാജർ കുറഞ്ഞു; സി​വി​ല്‍ സ്​​റ്റേ​ഷ​ൻ പ്ര​വ​ര്‍ത്ത​നം നി​ശ്ച​ല​മാ​യി

കാക്കനാട്: ഹര്‍ത്താലില്‍ ജില്ല ആസ്ഥാനമായ സിവില്‍ സ്റ്റേഷെൻറ പ്രവര്‍ത്തനം നിശ്ചലമായി. ഹാജര്‍ നില ഗണ്യമായി കുറഞ്ഞു. ജീവനക്കാരിൽ പലർക്കും എത്താനായില്ല. എത്തിയവർ നേരത്തേ പോവുകയും ചെയ്തു.സിവില്‍ സ്റ്റേഷനിൽ കലക്ടറേറ്റ് ഉൾപ്പെടെ 84 ഓഫിസാണ് രണ്ടു ബ്ലോക്കിലായി പ്രവര്‍ത്തിക്കുന്നത്. കലക്ടറേറ്റിൽ 175 ജീവനക്കാരുള്ളതില്‍ 60 പേര്‍ ജോലിക്കെത്തി. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, എ.ഡി.എം സി.കെ. പ്രകാശ്, ആർ.ടി.ഒ പി.എച്ച്. സാദിഖ് അലി എന്നിവര്‍ നേരത്തേ ഓഫിസുകളിലെത്തിയിരുന്നു. ഡെപ്യൂട്ടി കലക്ടർ‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ ജീവനക്കാർ എത്തിയിരുന്നില്ല. സിവില്‍ സ്റ്റേഷനിലെ 83 ഓഫിസുകളിലായി രണ്ടായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 59 ഓഫിസുകള്‍ മാത്രമാണ് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിച്ചത്. എന്നാൽ, എത്തിയ ജീവനക്കാര്‍ 20 ശതമാനം മാത്രമാണ്. 91 ജീവനക്കാരുള്ള ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ 16 പേരും 79 പേരുള്ള ആർ.ടി ഓഫിസില്‍ 29 പേരും 63 ജീവനക്കാരുള്ള ജില്ല ട്രഷറിയില്‍ 22 പേരുമാണ് ഹാജരായത്. ആർ.ടി. ഓഫിസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭൂരിഭാഗവും എത്തിയിരുന്നു. തിരക്ക് കുറവായിരുന്നെങ്കിലും വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തടസ്സമില്ലാതെ നടന്നു. സിവില്‍ സ്‌റ്റേഷനിലെ 23 ഓഫിസുകള്‍ തുറന്നതുപോലുമില്ല. കുടുംബശ്രീ ജില്ല ഓഫിസില്‍ ടാനി തോമസ് ഉള്‍പ്പെടെ അഞ്ചുപേര്‍മാത്രമാണ് എത്തിയത്. ജില്ലയിലെ ഏഴ് താലൂക്കിലും ജോലിക്കെത്തിയ ജീവനക്കാരുടെ എണ്ണം 20 ശതമാനം മാത്രമാണ്. കണയന്നൂർ, കുന്നത്തുനാട് താലൂക്ക് ഓഫിസുകളില്‍ 19 ജീവനക്കാര്‍ വീതവും മൂവാറ്റുപുഴ താലൂക്ക് ഓഫിസില്‍ 17ഉം, കോതമംഗലം താലൂക്കില്‍ 27 ഉം പറവൂര്‍ താലൂക്കില്‍ 24 ഉം മൂവാറ്റുപുഴ ആര്‍.ഡി.ഒ ഓഫിസില്‍ അഞ്ചുപേരും, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടറുടെ ഓഫിസില്‍ ഏഴ് ജീവനക്കാരും മാത്രമാണ് ജോലിക്കെത്തിയത്. ജില്ല പഞ്ചായത്ത്, തൃക്കാക്കര നഗരസഭ എന്നിവിടങ്ങളിലും പത്തു ശതമാനം മാത്രമായിരുന്നു ഹാജര്‍ നില. അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഓഫിസുകളില്‍ എത്തിയില്ല. ജില്ലയില്‍ വില്ലേജ് ഓഫിസുകളിലും ജീവനക്കാര്‍ വളരെ കുറവായിരുന്നു. കലക്ടറേറ്റിലെ എസ്.ബി.ഐ ഉള്‍പ്പെടെ തുറന്ന ബാങ്കുകള്‍ സമരാനുകൂലികള്‍ എത്തി അടപ്പിച്ചു. ഇന്‍ഫോപാര്‍ക്കിലെ പകുതിയോളം ജീവനക്കാര്‍ എത്തി. ജീവനക്കാരെ കൊണ്ടുപോയ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.