ഹ​ർ​ത്താ​ൽ പൂ​ർ​ണം; നേ​രി​യ സം​ഘ​ർ​ഷ​ം

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മർദിച്ചതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ ഹർത്താൽ പൂർണം. ജില്ലയിൽ വിവിധയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായി. കൊച്ചി നഗരം, കളമശ്ശേരി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കിയതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു. ഏതാനും സ്വകാര്യവാഹനങ്ങളൊഴികെ മറ്റു വാഹനമൊന്നും നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. രാവിലെ അഞ്ച് തിരുെകാച്ചി ബസുകൾ മാത്രമാണ് എറണാകുളം ഡിപ്പോയിൽനിന്ന് സർവിസ് നടത്തിയത്. സമരക്കാർ ഇവ തടഞ്ഞതിനെത്തുടർന്ന് ട്രിപ് പൂർത്തിയാക്കാതെ സ്റ്റാൻഡിലേക്കുമടങ്ങി. അതേസമയം, 95 ശതമാനം ജീവനക്കാരും ഡ്യൂട്ടിയിലുണ്ടെന്ന് കൊച്ചി ഡിപ്പോ അധികൃതർ പറഞ്ഞു. കൊച്ചി തുറമുഖത്ത് ചരക്കുനീക്കം സ്തംഭിച്ചു. ജീവനക്കാരുടെ ഹാജർ നിലയിൽ വലിയ വ്യത്യാസമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. തോപ്പുംപടി ജങ്ഷനിൽ വാഹനങ്ങൾ തടഞ്ഞതിന് ഡി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ജോസഫ് സുമിത്, ഹരേഷ് എം.എച്ച് എന്നിവരുൾപ്പെടെ 15 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ മാർച്ചിൽ പൊലീസും സമരാനുകൂലികളും ഏറ്റുമുട്ടി. ഡി.സി.സി ഓഫിസിൽനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ കെ.പി.സി.സി ജങ്ഷനിലെത്തി വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചതിനെത്തുടർന്ന് പൊലീസെത്തി തടയുകയായിരുന്നു. പ്രകോപനം കൂടാതെ പൊലീസ് തങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുെന്നന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാൻ പറഞ്ഞു. എ.എ അജ്മൽ, ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ, സെക്രട്ടറി സഫൽ വലിയവീടൻ, പി.എച്ച്. അനീഷ്, ആൽബിൻ അലക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. യുവമോർച്ചയുടെ നേതൃത്വത്തിൽ ഐ.ജി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം മണ്ഡലം വൈസ് പ്രസിഡൻറ് അബിജു സുരേഷ് ഉദ്ഘാടനം ചെയ്തു. വി.വി. രമേശൻ, ബാലഗോപാൽ ഷേണായ് എന്നിവർ നേതൃത്വം നൽകി. കളമശ്ശേരിയിൽ സമരാനുകൂലികൾ ദേശീയപാത ഉപരോധിച്ചു. പെരുമ്പാവൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. അങ്കമാലി ടെൽക്കിൽ ഹർത്താലനുകൂലികൾ ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കാൻ ശ്രമിച്ചതിനെ സെക്യൂരിറ്റി തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.