മാരിടൈം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

മട്ടാഞ്ചേരി: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കീഴിലുള്ള ബി.എസ്സി ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ ബിരുദ കോഴ്സ് എന്‍ജിനീയറിങ് കോഴ്സാക്കി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍വകലാശാലയുടെ രാജ്യത്തെ ആറു കാമ്പസുകളില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡലെ സെന്‍ററില്‍ മാത്രമാണ് ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ ബി.എസ്സി ത്രിവത്സര കോഴ്സ് ഉള്ളത്. ഇതിന് തൊഴില്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല തന്നെ അടുത്ത അധ്യയന വര്‍ഷം മുതല്‍ നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ് കണ്‍സ്ട്രക്ഷന്‍ ബി.ടെക് എന്ന കോഴ്സാക്കി മാറ്റുകയാണ്. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. പുതിയ കോഴ്സ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ കോഴ്സ് കൂടി ബി.ടെക് ബിരുദമായി അപ്ഗ്രേഡ് ചെയ്യണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കോഴ്സിന് മൂന്ന് വര്‍ഷങ്ങളായി 70 വിദ്യാര്‍ഥികളാണുള്ളത്. തൊഴില്‍ സാധ്യതയില്ളെന്ന് അധികൃതര്‍ തന്നെ തിരിച്ചറിഞ്ഞ അവസ്ഥയില്‍ തങ്ങളോട് സര്‍വകലാശാല നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ട് പത്ത് ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ലക്ഷങ്ങള്‍ ഫീസ് നല്‍കിയാണ് ഇവിടെ പഠിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ബിടെക് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാവിക സേനയില്‍ ഉള്‍പ്പെടെ ജോലി സാധ്യതയുണ്ട്. എന്നാല്‍, ബി.എസ്സി ബിരുദം കൊണ്ട് അതിന് അപേക്ഷിക്കാന്‍ കഴിയില്ളെന്നും ഇവര്‍ പറഞ്ഞു. ഏഴ് വിഷയങ്ങള്‍ കൂടുതലായി പഠിക്കണമെന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസം ഇരു കോഴ്സുകളും തമ്മിലില്ല. പ്രതിഷേധ സമരത്തിന് ഫലംകാണാതായതോടെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക് കടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.