മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം ഗ്രാമസഭ തള്ളി

പിറവം: നഗരസഭയുടെ 20ാം ഡിവിഷനായ കളമ്പൂര്‍ ഇട്ട്യാര്‍മല പട്ടികജാതി കോളനിക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള സ്വകാര്യ മൊബൈല്‍ കമ്പനിയുടെ നീക്കം ഗ്രാമസഭ യോഗം ചേര്‍ന്ന് ഐകകണ്ഠ്യേന തള്ളി. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികളായ കുടുംബങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതുസംബന്ധിച്ച് സമീപത്ത് താമസിക്കുന്നവരുടെ എതിര്‍പ്പിനെ അവഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി കരസ്ഥമാക്കിയ സ്വകാര്യ കമ്പനി, ഭൂമിയുടെ ഉടമയുമായി വ്യവസ്ഥ ഉണ്ടാക്കുകയും ടവര്‍ സ്ഥാപിക്കാനുള്ള പ്രദേശത്ത് മരം മുറിക്കുകയും ചെയ്തതോടെ എതിര്‍പ്പിന് ജനകീയ മാനം കൈവരുകയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുകയും പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് തീരുമാനമെടുക്കുകയുമായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, വൈസ് ചെയര്‍പേഴ്സന്‍ ആയിഷ മാധവന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം, കൗണ്‍സിലര്‍മാരായ സോജന്‍ ജോര്‍ജ്, ആതിര രാജന്‍, നഗരസഭ സെക്രട്ടറി പി.എല്‍. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ടവര്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച സ്ഥലത്തിനടുത്ത് 60 വീടുകളാണുള്ളത്. അറുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.