വിശപ്പിന്‍െറ വിളികേട്ട ബഷീറിന് കടലിനക്കരെനിന്ന് പുരസ്കാരം

മട്ടാഞ്ചേരി: ഉച്ചയായാല്‍ ബഷീറിന്‍െറ സൈക്ക്ളിന്‍െറ മണിയടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ആരോരുമില്ലാതെ തെരുവില്‍ അഭയം പ്രാപിക്കുന്നവരുടെ വിശപ്പകറ്റാന്‍ പൊതിച്ചോറുമായി എത്തുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി ബഷീര്‍ ഇവര്‍ക്ക് ആശ്വാസമാണ്. മൂന്നുവര്‍ഷമായി ബഷീര്‍ എല്ലാ ദിവസവും നിസ്വാര്‍ഥസേവനം തുടരുകയാണ്. വാര്‍ത്തകളില്‍ ഇടം പിടിക്കാനല്ല, വിശപ്പിന്‍െറ കാഠിന്യം നന്നായി മനസ്സിലാക്കിയതുകൊണ്ടാണ് ഇതുചെയ്യുന്നതെന്ന് ബഷീര്‍ പറയും. അഞ്ചുപേര്‍ക്ക് ഭക്ഷണം നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ മുപ്പതോളം പേരുടെ വിശപ്പകറ്റുന്നു. സാധാരണക്കാരനായ ബഷീറിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ചിലര്‍ സഹായിക്കാനായത്തെി. അവരുടെക്കൂടി സഹായം ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് ഭക്ഷണം എത്തിക്കാനാകുന്നതെന്ന് ബഷീര്‍ പറയുന്നു. ചില ഹോട്ടലുകള്‍ പൊതിച്ചോറ് നല്‍കി സഹായിക്കുന്നത്. ബാക്കിയുള്ളവര്‍ക്കുള്ള ഭക്ഷണം ബഷീര്‍ വീട്ടില്‍തന്നെ തയാറാക്കും. വെള്ളിയാഴ്ച ഒഴികെ ദിവസങ്ങളില്‍ ബഷീര്‍ ഒരുമണിയോടെ ഭക്ഷണം എത്തിക്കും. വെള്ളിയാഴ്ച ജുമുആ ഉള്ളതിനാല്‍ അല്‍പം വൈകുമെങ്കിലും ബഷീറിന്‍െറ വരവിന് ഇവര്‍ കാത്തിരിക്കും. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലാണ് ഭക്ഷണവിതരണം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സൈക്ക്ളില്‍ അധികദൂരം സഞ്ചരിക്കാന്‍ ബഷീറിന് സാധിക്കുന്നില്ല. ഹര്‍ത്താല്‍പോലുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഭക്ഷണം എത്തിക്കേണ്ടിവരുമെന്നും ബഷീര്‍ പറയുന്നു. ബഷീറിന്‍െറ പുണ്യപ്രവൃത്തി അംഗീകരിച്ചാണ് പ്രവാസി സംഘടനയായ ലെറ്റ്സ് ടോക്ക് പ്രഥമ കാരുണ്യസ്പര്‍ശം പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കൊച്ചിയിലും പ്രവാസലോകത്തും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി നില കൊള്ളുന്ന സംഘടനയാണ് ലെറ്റ്സ് ടോക്ക്. വിശക്കുന്നവരെ അറിയുകയെന്ന സംഘടനയുടെ ആശയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളായതിനാലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ അജിത്ത് ഇബ്രാഹിം പറഞ്ഞു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സംഘടനയുടെ കുടുംബസംഗമത്തില്‍ നല്‍കും. അവാര്‍ഡ് തുക പദ്ധതിക്ക് വിനിയോഗിക്കുമെന്ന് ബഷീര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.