മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്കാരം

മൂവാറ്റുപുഴ: വിവാദമായതിനത്തെുടര്‍ന്ന് പിന്‍വലിച്ച മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത പരിഷ്കാരം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും നടപ്പാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു. 10നുമുമ്പ് ഇതിനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ധാരണയായി. പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍, വെയ്റ്റിങ് ഷെഡ് എന്നിവയാണ് സ്ഥാപിക്കേണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നേരത്തേ നടപ്പാക്കിയെങ്കിലും അഞ്ചാം ദിവസം പിന്‍വലിക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന മൂവാറ്റുപുഴ നഗരത്തില്‍ രണ്ടുമാസം മുമ്പാണ് ഗതാഗത പരിഷ്കാരം നടപ്പാക്കിയത്. 15ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി പരാതികളുണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്താമെന്ന പ്രഖ്യാപനവുമായി തുടങ്ങിയെങ്കിലും അട്ടിമറിക്കപ്പെടുകയായിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ പരിഷ്കാരം ഒരു കെട്ടിട ഉടമക്കുവേണ്ടി ഭരണനേതൃത്വത്തിലെ ഉന്നതന്‍െറ ഇടപെടലിനത്തെുടര്‍ന്നാണ് അട്ടിമറിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. നടപ്പാക്കിയ ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറഞ്ഞിരുന്നു. ജനോപകാരപ്രദമായ പരിഷ്കാരം അട്ടിമറിച്ചതിനെതിരെ നഗരസഭ ഭരണസമിതിയില്‍ വിമര്‍ശമുയര്‍ന്നു. ഇതോടെ ചെറിയ മാറ്റങ്ങള്‍ വരുത്തി ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായങ്കിലും ഇപ്പോഴാണ് തീരുമാനമായത്. നേരത്തേ നടപ്പാക്കിയതില്‍നിന്ന് വ്യത്യസ്തമായി അരമന ജങ്ഷനില്‍ ചെറിയ വാഹനങ്ങള്‍ക്ക് യു ടേണ്‍ അനുവദിച്ചിട്ടുണ്ട്. കോതമംഗലം ഭാഗത്തേക്കുപോകുന്ന ബസുകള്‍ പഴയപോലെ ന്യൂ ബസാര്‍, മാര്‍ക്കറ്റ് റോഡ് വഴിതന്നെ വിടാനും പിറവം, തൊടുപുഴ ഭാഗത്തുനിന്ന് മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് വഴി കീച്ചേരിപ്പടിയിലത്തെി സ്റ്റാന്‍ഡില്‍ പോകുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. കോതമംഗലം ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് റോട്ടറി റോഡുവഴി വിടാനും തീരുമാനമായി. ഇത് കാവുങ്കര മേഖലയിലെ നിത്യേനയുള്ള ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. ആരക്കുഴ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.ക്ക് സമീപത്തെ ബൈപാസ് വഴി എം.സി റോഡില്‍ എത്തണം. അരമന ജങ്ഷനിലെ പുതിയ മാളിനുമുന്നിലെ രണ്ട് വെയ്റ്റിങ് ഷെഡുകള്‍ മാറ്റിസ്ഥാപിക്കാനും ധാരണയായി. നിലവിലെ സ്ഥലത്തുനിന്നും ഇത് വള്ളക്കാലില്‍ ജങ്ഷനുസമീപത്തേക്ക് മാറ്റാനാണ് നീക്കം. വളവും വീതി കുറവുമൂള്ള വള്ളക്കാലില്‍ ജങ്ഷനുസമീപത്തേക്ക് വെയ്റ്റിങ് ഷെഡ് മാറ്റുന്നതില്‍ ദുരൂഹതയുണ്ട്. ചില വന്‍കിടക്കാരെ സഹായിക്കുന്നതിന് വെയ്റ്റിങ് ഷെഡ് മാറ്റാന്‍ നീക്കം നടക്കുന്നുണ്ടന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. പുതിയ സ്ഥലത്ത് വെയ്റ്റിങ് ഷെഡ് എത്തുന്നത് തിരക്കേറിയ ഈ മേഖലയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന സൂചനയുമുണ്ട്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുസ്സലാം, സി.എം. ഷുക്കൂര്‍, പ്രേംചന്ദ്, വാഹന-പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.