മൂവാറ്റുപുഴ: തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളില്‍നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നടത്തിയ ജനമുന്നേറ്റയാത്ര പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേനകഗാന്ധിമാരെ പോലെയുള്ള ചില വ്യക്തികള്‍ക്കായി കോടിക്കണക്കിന് ജനങ്ങളുടെ താല്‍പര്യങ്ങളും അവരുടെ ജീവനും ഭരണക്കാര്‍ ബലികഴിക്കുകയാണ്. തെരുവിലലയുന്ന മുഴുവന്‍ നായ്ക്കളെയും കൊന്നൊടുക്കിയില്ളെങ്കില്‍ അവ നമ്മളെ കൊന്നുതിന്നുമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. ജനമുന്നേറ്റയാത്ര ചെയര്‍മാന്‍ ജോസുകുട്ടി ജെ. ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. 136 നായ്ക്കളെ കൊന്ന ഓട്ടോറിക്ഷ തൊഴിലാളിയും സാമൂഹികപ്രവര്‍ത്തകനുമായ എം.ജെ. ഷാജിയെയും പിറവം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറത്തെയും ആദരിച്ചു. എം.ജെ. ഷാജിക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. പണം തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കുമെന്ന് ഷാജി പറഞ്ഞു. തങ്ങളെയും സഹജീവികളെയും തെരുവുനായ് ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ നിയമം നോക്കാതെ ഏതറ്റം വരെയും പോകുമെന്നും റാലിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. കെ.സി. ജോര്‍ജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.റാലി നിര്‍മല സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരതൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ജിനു മടേക്കല്‍, കെ.ബി. ബിനീഷ് കുമാര്‍, സിസ്റ്റര്‍ ജോവിയറ്റ്, തോമസ് പാറയ്ക്കല്‍, ജോര്‍ജ് സ്കറിയ, സലീം പാലചുവട്ടില്‍, എല്‍ദോ ബാബു വട്ടക്കാവില്‍, ജോണ്‍ വള്ളമറ്റം, എല്‍ദോസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.