മൂവാറ്റുപുഴയില്‍ വീണ്ടും തെരുവുനായ് ശല്യം രൂക്ഷം

മൂവാറ്റുപുഴ: നഗരത്തില്‍ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. ഒന്നരവര്‍ഷം മുമ്പുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം മുപ്പതോളം പേര്‍ക്ക് കടിയേറ്റ മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്.അന്നത്തെ സംഭവത്തിനു ശേഷം റോഡരികിലെ മാലിന്യനിക്ഷേപം നഗരസഭ തടയുകയും നാട്ടുകാര്‍ തെരുവുനായ്ക്കള്‍ക്കെതിരെ രംഗത്തത്തെുകയും ചെയ്തതോടെയാണ് ഇവയുടെ ശല്യം കുറഞ്ഞത്. എന്നാല്‍, വീണ്ടും തെരുവോരങ്ങള്‍ മുഴുവന്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ നായ്ശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം രാവിലെ പി.ഒ കവലയില്‍ നടക്കാനിറങ്ങിയവരെ നായ്ക്കൂട്ടം ഓടിച്ചു. ഒരു ഇടവേളക്കുശേഷം മയിലാട്ടുമല ഭാഗത്ത് വെള്ളിയാഴ്ച വീണ്ടും നായ്ക്കളുടെ ആക്രമണമുണ്ടായി. വീട്ടിനുള്ളിലിരിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരെ നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ പരാതിയുമായി രംഗത്തിറങ്ങിയെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല. തെരുവുനായ് ശല്യം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവക്കെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈമാസം 22ന് റാലിയും പൊതുസമ്മേളനവും നടക്കും. വൈകീട്ട് നാലിന് ലതാ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വെള്ളൂര്‍ക്കുന്നത്ത് സമാപിക്കും. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക, തെരുവുനായ് ശല്യം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.