ഇടപ്പള്ളി മേല്‍പാലം ഉദ്ഘാടനം ഇന്ന്

കൊച്ചി: ഓണസമ്മാനമായി ഇടപ്പള്ളി മേല്‍പാലം ഞായറാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇടപ്പള്ളി ജങ്ഷനില്‍ 85 കോടി മുടക്കിയാണ് മേല്‍പാലം പൂര്‍ത്തിയാക്കിയത്. കൊച്ചി നഗരത്തിന്‍െറ പ്രവേശകവാടം കൂടിയായ ഇടപ്പള്ളിയില്‍ സംസ്ഥാന റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മിച്ച മേല്‍പാലത്തിന് നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടാകും. ദേശീയപാത 17, ബൈപാസ് എന്നിവിടങ്ങളിലെ കടുത്ത ഗതാഗതക്കുരുക്കിനും പാലം ആശ്വാസമാകും. ഇടപ്പള്ളിയില്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തിന് സമീപത്തുനിന്ന് ആരംഭിച്ച് ടോളിന് സമീപം അവസാനിക്കുന്ന നാലുവരി ഇരട്ട മേല്‍പാലം 40 കോടി മുതല്‍ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 480 മീറ്റര്‍ നീളമുള്ള മേല്‍പാലത്തിന് 35 മീറ്ററാണ് വീതി. 2013 നവംബറില്‍ നിര്‍മാണം ആരംഭിച്ച മേല്‍പാലം രണ്ടുവര്‍ഷവും 10 മാസവും കൊണ്ട് മെട്രോ നിര്‍മാണകമ്പനിയായ ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് (ഡി.എം.ആര്‍.സി) ആണ് പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോ കടന്നുപോകുന്ന തൂണുകള്‍ക്ക് ഇരുവശത്തുമായി നിര്‍മിച്ച മേല്‍പാലത്തിലെ മെട്രോ തൂണുകളുമായി ബന്ധിപ്പിക്കുന്ന വയഡക്ടുകള്‍ നിര്‍മിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ്(കെ.എം.ആര്‍.എല്‍) പണം മുടക്കിയത്. പാലം പൂര്‍ത്തിയായതോടെ ഇടപ്പള്ളിയില്‍ 480 മീറ്ററിനുള്ളില്‍ ഗതാഗതക്കുരുക്കും അപകടവും പതിവായിരുന്ന 16 സ്ഥലങ്ങള്‍ നാല് ആയി ചുരുക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.