ആലുവ: ജീവിതത്തെ തകര്‍ത്തുകളഞ്ഞ രോഗങ്ങളാല്‍ വിങ്ങുന്ന ഒരു പറ്റം മനുഷ്യര്‍ക്ക് മറക്കാനാകാത്ത ദിവസമായിരുന്നു ശനിയാഴ്ച. സിനിമ തമാശകളിലൂടെ ചിരിപ്പിക്കുന്ന നടന്‍ കണ്‍മുന്നില്‍ വന്ന് ആശ്വാസം പകര്‍ന്നപ്പോള്‍ അവരുടെ വേദനകളെല്ലാം ആനന്ദത്തിന് വഴിമാറി. ആലുവ റീജനല്‍ ഡയാലിസിസ് സെന്‍റര്‍, ഹീമോഫീലിയ സെന്‍റര്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്കായി ഒരുക്കിയ ഓണാഘോഷ വേദി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വേറിട്ട അനുഭവമായി. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകൂടിയായ ഇന്നസെന്‍റ് എം.പിയാണ് ഉദ്ഘാടകനായി എത്തിയത്. ഇന്നസെന്‍റ് വരുന്നതറിഞ്ഞതുമുതല്‍ രോഗികള്‍ ഏറെ സന്തോഷത്തിലായിരുന്നു. സിനിമാ നടനെന്നോ എം.പിയെന്നോ തലക്കനമില്ലാതെ രോഗികള്‍ക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നതോടെ രോഗികള്‍ക്ക് അത് ആനന്ദമായി. രോഗ വിവരങ്ങള്‍ തിരക്കി എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ‘ഞാന്‍ മരിച്ച് പോകുമെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും ഇപ്പോഴും ജീവിക്കുന്നു. അപ്പോള്‍ നിങ്ങളും പേടിക്കേണ്ടതില്ല ’ നര്‍മം കലര്‍ന്ന ഇന്നസെന്‍റിന്‍െറ വാക്കുകള്‍ കേട്ടപ്പോള്‍ രോഗികളും കൂടെ ചിരിച്ചു. ഒപ്പം ഫോട്ടോ എടുക്കാന്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ജീവനക്കാര്‍ക്കും അവസരം നല്‍കി. ഹീമോഫീലിയ സെന്‍ററിന് എം.പി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ജില്ലാ ആശുപത്രിയില്‍ ഒരു മാസത്തിനകം മാമോഗ്രാം സെന്‍റര്‍ ആരംഭിക്കും. അള്‍ട്രാ സൗണ്ട് സ്കാനിങ്ങ് സെന്‍ററിന്‍െറ സൗകര്യം വര്‍ധിപ്പിക്കും. നിര്‍മാണം നടക്കുന്ന ഡയഗ്നോസിസ് സെന്‍ററിന് വേണ്ട സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് ഷിഫ്റ്റാക്കുമെന്ന് മുന്‍ എം.പിയും സെന്‍റര്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗവുമായ പി.രാജീവ് അറിയിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ. കുട്ടപ്പന്‍, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ഹസീന മുഹമ്മദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡോ. ജോസഫ് കെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡോ. വിജയകുമാര്‍ നേതൃത്വം നല്‍കി. 120 രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.