ക്ഷേമപെന്‍ഷന്‍ വിതരണം; ക്രമക്കേട് അന്വേഷിക്കണം

ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിലെ ക്രമക്കേടുകളും സുതാര്യത ഇല്ലായ്മയും അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണ്ടനാട് സര്‍വിസ് സഹകരണ ബാങ്കിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളുടെയും നേതൃത്വത്തില്‍ മോണിറ്ററിങ് സമിതി കൂടിയപ്പോള്‍ പാണ്ടനാട് ബാങ്കില്‍ മാത്രം സമിതി കൂടുകയോ പഞ്ചായത്ത് അംഗങ്ങളെ അറിയിക്കുകയോ ചെയ്തില്ല. പഞ്ചായത്ത് അംഗങ്ങള്‍ പെന്‍ഷന്‍ വിതരണത്തെപ്പറ്റി ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അവഹേളിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തും എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കും ഒത്തുചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.ജി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്‍. നായര്‍, നിയോജക മണ്ഡലം ട്രഷറര്‍ ഗോപിനാഥന്‍നായര്‍, കമ്മിറ്റി അംഗങ്ങളായ ടി.സി. സുരേന്ദ്രന്‍ നായര്‍, ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, ആശ വി. നായര്‍, അനിതകുമാരി, സ്മിത ജയന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ്. സജിത്ത്, ശ്യാം പാണ്ടനാട്, വി.ജി. മനേഷ്, ഗോപാലകൃഷണന്‍, കെ.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ ബാങ്കുകള്‍ വഴിയുള്ള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ വ്യാപകമായി നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗിരീഷ് ഇലഞ്ഞിമേല്‍ ആവശ്യപ്പെട്ടു. യുവജനതാദള്‍ ചെങ്ങന്നൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ രണ്ടുലക്ഷത്തില്‍പരം വരുന്ന പെന്‍ഷന്‍കാരുടെ സര്‍വേ റിപ്പോര്‍ട്ട് കുടുംബശ്രീ സര്‍ക്കാറിന് സമര്‍പ്പിച്ചപ്പോള്‍ 70,000 പേര്‍ പുറത്തുപോയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. ക്ഷേമപെന്‍ഷന്‍ വിതരണ ചുമതല പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലൂടെയാക്കി സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ഗിരീഷ് ആരോപിച്ചു. പ്രസിഡന്‍റ് അരുണ്‍ പേരിശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നന്‍, സാജന്‍ കല്ലിശ്ശേരി, പ്രസന്നന്‍ പള്ളിപ്പുറം, എസ്. വല്ലഭന്‍, സോളമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.