അടുവാശ്ശേരിയിലെ വഴിയോര കച്ചവടം വാഹനാപകടങ്ങള്‍ക്കിടയാക്കുന്നു

കുന്നുകര: നെടുമ്പാശ്ശേരി-മാഞ്ഞാലി റോഡില്‍ കുറ്റിയാല്‍ വടക്കേ അടുവാശ്ശേരി പാടശേഖരങ്ങള്‍ക്ക് സമീപം വഴിയോരത്ത് അനിയന്ത്രിത കച്ചവടങ്ങള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇടുങ്ങിയ റോഡില്‍ ദീര്‍ഘദൂര ബസ് സര്‍വിസുകളും എയര്‍പോര്‍ട്ടില്‍ വന്നുപോകുന്നതടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡിനോടുരുമിയാണ് പച്ചക്കറികളും നാടന്‍ വിളകളുമടക്കം വില്‍ക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോഴും പൊടുന്നനെ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും നിര്‍ത്തിയ വാഹനങ്ങള്‍ സിഗ്നല്‍ നല്‍കാതെ പുറപ്പെടുമ്പോഴുമാണ് കൂടുതലായും അപകടമുണ്ടാകുന്നത്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. നേരത്തേ കുറ്റിയാല്‍ പാടശേഖരത്തിന് സമീപം നടത്തിയിരുന്ന പച്ചക്കറി തട്ടുകട നാട്ടുകാരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് 100മീറ്റര്‍ കിഴക്കോട്ടുമാറി അടുവാശ്ശേരി പാടശേഖരത്തിന് സമീപം ആരംഭിക്കുകയായിരുന്നു. കുറുമശ്ശേരി 11കെ.വി സബ് സ്റ്റേഷന്‍െറ വൈദ്യുതി വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്ന പോസ്റ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്താണ് വഴിവാണിഭം. വടക്കേ അടുവാശ്ശേരി കുടില്‍പീടിക ഭാഗത്ത് വഴിയരികിലെ കച്ചവടമാണ് ഞായറാഴ്ച വൈകുന്നേരം യുവാവിന് ജീവാപായവും കുരുന്നുകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തെ കാര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ദിശയില്‍നിന്ന് പാഞ്ഞുവന്ന വാഹനം കണ്ടതോടെ ഡ്രൈവറുടെ നിയന്ത്രണം വിട്ടാണ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ത്ത് അടുവാശ്ശേരി പാടശേഖരത്തിന്‍െറ കല്‍വര്‍ട്ട് ഇടിച്ചുതകര്‍ത്താണ് അപകടത്തില്‍പെട്ട കാര്‍ നിന്നത്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ വൈദ്യുതിബന്ധം തകര്‍ന്നു. തിങ്കളാഴ്ച പുതിയ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചതിനുശേഷം മാത്രമെ വൈദ്യുതി ബന്ധം പൂര്‍ണമായി സ്ഥാപിക്കാനാകൂ. ഇടുങ്ങിയ റോഡിലൂടെ മിന്നല്‍ വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെടുന്നത് പതിവായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.