ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

ആലുവ: നഗരത്തിലെ പത്ത് ഹോട്ടലുകളില്‍നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിരവധി ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. ഗവ.ആശുപത്രി കാന്‍റീനില്‍ നിന്നുവരെ മോശം ഭക്ഷണം പിടികൂടി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. രോഗികള്‍ക്കടക്കം ഭക്ഷണം നല്‍കുന്ന കാന്‍റീനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍, കാന്‍റീന്‍ പ്രവര്‍ത്തനം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് പഴകിയ ഭക്ഷണം പിടികൂടിയതിലൂടെ വ്യക്തമാകുന്നത്. കാന്‍റീനിന് പുറമേ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അല്‍മസ് ഹോട്ടല്‍, ശരവണാസ്, സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടല്‍ സഫയര്‍, ബൈപാസ് കവലയിലെ ഹോട്ടല്‍ ഇഫ്താര്‍, മിനി മാര്‍ക്കറ്റിലെ എം.എം.ഫാസ്റ്റ് ഫുഡ്, പറവൂര്‍ കവലയിലെ ഹോട്ടല്‍ തലശ്ശേരി, ഹോട്ടല്‍ വിനായക, തോട്ടക്കാട്ടുകരയിലെ സല്‍ക്കാര, പാലസ് റോഡിലെ ഹോട്ടല്‍ അയ്യപ്പ വിലാസം എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ചോറ് , പൊറോട്ട, മീന്‍കറി, മീന്‍ വറുത്തത്, ഇറച്ചി വിഭവങ്ങള്‍, പഴം പൊരി, അച്ചാര്‍, പഴകിയതും പലതവണ ഉപയോഗിച്ചതുമായ എണ്ണകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. കുറച്ചുനാള്‍ മുമ്പ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാത്തതാണ് മോശം ഭക്ഷണം നല്‍കുന്നത് ആവര്‍ത്തിക്കപ്പെടാന്‍ ഇട നല്‍കുന്നത്. പിടികൂടിയ സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ വീണ്ടും വില്‍പന നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളെടുക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.