അകാരണമായി കസ്റ്റഡിയില്‍ വെച്ചെന്ന പരാതി: പൊലീസ് റിപ്പോര്‍ട്ടിനെതിരെ മനുഷ്യാവകാശ കമീഷനില്‍ പരാതി

ആലുവ: അകാരണമായി കസ്റ്റഡിയില്‍ വെച്ചെന്ന പരാതിയിന്മേല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്ന് ആരോപിച്ച് മനുഷ്യാവകാശ കമീഷന് വീണ്ടും പരാതി നല്‍കി. കോടനാട് കാനാമ്പുറത്ത് വേലായുധനാണ് പരാതി നല്‍കിയിരിക്കുന്നത്. അയല്‍വാസിയും മുന്‍ പൊലീസുകാരനുമായ കുഞ്ഞൂഞ്ഞ് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കാണിച്ച് കോടനാട് പൊലീസില്‍ വേലായുധന്‍ പരാതി നല്‍കി. നടപടി ഉണ്ടാകാത്തതിനാല്‍ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. ഇതിനിടെ, കുഞ്ഞൂഞ്ഞിനെ മര്‍ദിച്ചെന്ന പേരില്‍ കോടനാട് പൊലീസ് വേലായുധനെതിരെ കേസെടുക്കുകയും കുറുപ്പംപടി കോടതിയില്‍ ചാര്‍ജ് കൊടുക്കുകയും ചെയ്തു. കോടതി സമന്‍സ് അയച്ചപ്പോള്‍ ജാമ്യക്കാരെ ലഭിക്കാത്തതിനാല്‍ വേലായുധന് കോടതിയില്‍ പോകാനായില്ല. വാറന്‍റ് പുറപ്പെടുവിച്ചെങ്കിലും ജാമ്യം ലഭിച്ചതിനാല്‍ വാറന്‍റ് കോടതി പിന്‍വലിച്ചു. എന്നാല്‍, ഒരുമാസം പിന്നിട്ടശേഷം പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചശേഷം തടവിലാക്കി. അഭിഭാഷകയെ ബന്ധപ്പെടാന്‍പോലും അനുവദിച്ചില്ല. കുറുപ്പംപടി കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ബെഞ്ച് ക്ളര്‍ക്കും ജാമ്യം കിട്ടിയ വിവരം സ്റ്റേഷനില്‍ വിളിച്ചറിയിച്ചിട്ടും വൈകുന്നേരം പൊലീസ് ജീപ്പില്‍ കയറ്റി തൊണ്ടി മുതലെടുക്കാന്‍ കൊണ്ടുപോകുന്ന രീതിയില്‍ പലഭാഗത്തും കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു. അഭിഭാഷക ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും രാത്രിയോടെയാണ് വിട്ടയച്ചതെന്നായിരുന്നു വേലായുധന്‍െറ പരാതി. എന്നാല്‍, നിയമപരമായി മാത്രമാണ് വേലായുധനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. ഇതിനെതിരെയാണ് വേലായുധന്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.