പെരിയാറില്‍ ജലനിരപ്പ് താഴുന്നു; പമ്പിങ്ങിന്‍െറ അളവ് കുറച്ചു

കൊച്ചി: കാലവര്‍ഷം കുറഞ്ഞതും ഭൂതത്താന്‍കെട്ട് ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയാത്തതുംമൂലം പെരിയാര്‍ വരളുന്നു. മൂന്ന് പതിറ്റാണ്ടിനിടെ പുഴയിലെ ജലനിരപ്പ് ഇത്രയും താഴ്ന്നിട്ടില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒഴുക്ക് നിലച്ച് കൂടുതല്‍ മാലിന്യവാഹിനിയായാണ് ഇപ്പോള്‍ പെരിയാറിന്‍െറ കിടപ്പ്. ജില്ലയുടെ മുഖ്യ ജലസ്രോതസ്സായ പെരിയാറിന്‍െറ ജലസമൃദ്ധി നഷ്ടമായത് കുടിവെള്ളപ്രശ്നവും രൂക്ഷമാക്കുന്നു. ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിലെയും വിവിധ നഗരങ്ങളിലെയും കുടിവെള്ളം പെരിയാറിനെ ആശ്രയിച്ചാണ്. വിശാലകൊച്ചിക്ക് പെരിയാറിലെ ജലം ശുദ്ധീകരിച്ച് പൈപ്പിലൂടെ എത്തുന്നത് മാത്രമാണ് ആശ്രയം. വെള്ളം തീരെ താഴ്ന്നതോടെ പലയിടത്തും പമ്പിങ്ങിന്‍െറ അളവ് കുറച്ചു. ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ സംഭരിക്കുന്ന ജലം ഒക്ടോബര്‍ അവസാനത്തോടെയോ നവംബറിലോ ആവശ്യാനുസരണം തുറന്നുവിട്ടിരുന്നത് പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സഹായകമായിരുന്നു. എന്നാല്‍, ഇക്കുറി ഇതിന് കഴിയാത്ത സാഹചര്യമാണ്. ഡാം ഷട്ടറിന്‍െറ അറ്റകുറ്റപ്പണി യഥാസമയം തീരാത്തതും സമാന്തരപാലം പണിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡാമില്‍ ജലം സംഭരിക്കാന്‍ കഴിയാത്തതുംമൂലമാണ് പെരിയാറിലേക്ക് വെള്ളം എത്തുന്ന ഡാം തുറക്കല്‍ സാധ്യമല്ലാതായത്. അതിനിടെ, ഇവിടെതന്നെ ചെക് ഡാം നിര്‍മാണവും നടക്കുന്നുണ്ട്. പെരിയാര്‍ തീരത്തെ കിണറുകളില്‍പോലും ജലനിരപ്പ് പതിവിലും താഴെയാണ്. ചിലയിടങ്ങളില്‍ പരമാവധി കിണര്‍ ജലം മൂന്നടിവരെ മാത്രം. കനാലുകളില്‍ വെള്ളമത്തെിയില്ളെങ്കില്‍ ആ പ്രദേശത്തെ കിണറുകള്‍ വറ്റുന്ന സ്ഥിതിയുമുണ്ടാകും. ഭൂതത്താന്‍കെട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്തി തുറന്ന് വിടാനാകാത്തതിനാല്‍ പെരിയാര്‍വാലി കനാലുകളും വരണ്ടു. ഏഴ് താലൂക്കിലെ ജല ആവശ്യമാണ് കനാലില്‍ വെള്ളം എത്താത്തതുമൂലം വിഷമത്തിലായത്. വരണ്ട അണക്കെട്ട് അറ്റകുറ്റപ്പണി ചെയ്ത് സജ്ജമാക്കിയാല്‍തന്നെ തുലാമഴ എത്താത്തതിനാല്‍ ഇനി ആവശ്യത്തിന് ജലം സംഭരിക്കാന്‍ കഴിയില്ളെന്ന പ്രശ്നമുണ്ട്. ജൂണില്‍ കാലവര്‍ഷം ആരംഭിക്കുന്നതോടെയാണ് എല്ലാവര്‍ഷവും ഡാം ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ പകുതിയോടെ വെള്ളം സംഭരിച്ച് ആവശ്യാനുസരണം തുറന്നുവിടും. ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴുകിയത്തെുന്ന ജലവും ഡാം നിറച്ചിരുന്നു. എന്നാല്‍, ഇക്കുറി മഴ കുറവ് ഇതിനും തടസ്സമായി. പെരിയാര്‍ വാലി പദ്ധതിയുടെ വിവിധ കനാലുകള്‍ വഴി 32,000 ഹെക്ടര്‍ സ്ഥലത്താണ് വെള്ളമത്തെുന്നത്. കനാല്‍ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കൃഷിയിടങ്ങള്‍ മിക്കതും വരള്‍ച്ചയുടെ പിടിയിലേക്ക് വീണുകഴിഞ്ഞു. പുഞ്ചകൃഷിക്ക് നിലമൊരുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. നിലമൊരുക്കിയ ചിലയിടങ്ങളിലാകട്ടെ പണി തുടരാന്‍ കഴിയാത്ത സ്ഥിതിയും. ഇടമലയാര്‍ പദ്ധതിയുടെ കനാലില്‍ വെള്ളമത്തെിയിട്ട് ഒരുവര്‍ഷമായി. ചാലക്കുടി പദ്ധതിയുടെ ഇടതുകര കനാലിനെ ആശ്രയിച്ച് കൃഷി നടത്തിയിരുന്ന കര്‍ഷകരും പ്രതിസന്ധിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.