ഇടപ്പള്ളി ടോള്‍ ജങ്ഷന്‍ രണ്ടാഴ്ചത്തേക്ക് തുറന്നിടും

കൊച്ചി: ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഇടപ്പള്ളി ടോള്‍ ജങ്ഷനിലെ റോഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് തുറന്നിടാന്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. മുമ്പ് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണം പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായത്തത്തെുടര്‍ന്നാണ് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. പുതിയ തീരുമാനമനുസരിച്ച്് ടോള്‍ ജങ്ഷനില്‍ ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് റോഡുകള്‍ പൂര്‍ണമായും തുറന്നിടുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെയും വൈകീട്ടുമുള്ള ട്രാഫിക് നിരീക്ഷിച്ച ശേഷം അന്തിമതീരുമാനമെടുക്കും. ഈ ഭാഗത്ത് വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി കൂടുതല്‍ പൊലീസിനെ നിയോഗിക്കും. കാല്‍നടക്കാര്‍ക്കായി പ്രത്യേക സിഗ്നല്‍ ക്രോസിങ് സംവിധാനം ഏര്‍പ്പെടുത്തും. പാലത്തിന് താഴെ യു ടേണ്‍ തല്‍ക്കാലത്തേക്ക് അനുവദിക്കും. അനധികൃതമായി സ്ഥാപിച്ച ഓട്ടോസ്റ്റാന്‍ഡുകളും പാര്‍ക്കിങ്ങും ഒഴിവാക്കും. കാന ഭാഗത്ത് റോഡിന് വീതി കൂട്ടും. കെ.ആര്‍ ബേക്കറി ഉള്‍പ്പെടെയുള്ള ഭാഗത്തെ അനധികൃത ഓട്ടോപാര്‍ക്കിങ് ഒഴിവാക്കും. ഇക്കാര്യത്തില്‍ ഹൈകോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കും. ഇടപ്പള്ളി പള്ളിക്കു മുന്നിലെ ബസ്സ്റ്റോപ് കുറേക്കൂടി മുന്നിലേക്ക് മാറ്റിസ്ഥാപിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും. ഈ പരീക്ഷണം വിജയകരമാണെന്നു കണ്ടാല്‍ സ്ഥിരമായി നടപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍.ടി.ഒ പി.എച്ച്. സാദിക്ക് അലിയും ട്രാഫിക് സി.ഐ ബിജോയ് ചന്ദ്രനും പരിഷ്കരണങ്ങള്‍ വിശദീകരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.