നഗരത്തില്‍ അനധികൃത പാര്‍ക്കിങ് നിരോധിക്കാന്‍ തീരുമാനം

ആലുവ: നഗരത്തിലെ അനധികൃത പാര്‍ക്കിങ് നിരോധിക്കാന്‍ ഗതാഗത ഉപദേശകസമിതി തീരുമാനം. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പ്രമുഖ കെട്ടിട സമുച്ചയങ്ങള്‍ക്കുപോലും ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമില്ല. ഇത്തരം സ്ഥാപനങ്ങളില്‍ വരുന്ന വാഹനങ്ങളടക്കം റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കാതെ നിയമം ലംഘിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രശ്നമാകുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഇടത്തോട് തിരിഞ്ഞ് നഗരം ചുറ്റി പോകണമെന്ന് തീരുമാനമെടുത്തു. കീഴ്മാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കി വലത്തോട്ട് തിരിയാന്‍ അനുമതി നല്‍കും. ദേശീയപാതയിലൂടെ മാര്‍ത്താണ്ഡവര്‍മ പാലം കടന്ന് വരുന്ന സ്വകാര്യബസുകള്‍ കൂടുതല്‍ തവണ നഗരം ചുറ്റുന്നത് നിയന്ത്രിക്കും. ഇതുപ്രകാരം ഇത്തരം സ്വകാര്യബസുകളുടെ നഗരം ചുറ്റല്‍ ഒരു തവണയാക്കാന്‍ തീരുമാനിച്ചു. 87 ബസുകളാണ് ഇത്തരത്തില്‍ പാലം കടന്ന് വരുന്നതെന്നാണ് ഒൗദ്യോഗിക കണക്ക്. ഇവ പലതവണ നഗരം ചുറ്റുന്നത് ഗതാഗത തടസ്സത്തിടയാകുന്നുണ്ട്. മാര്‍ക്കറ്റ് റോഡില്‍ വെകീട്ട് മൂന്നുമുതല്‍ ആറുവരെ വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇവിടെ മറ്റു സമയങ്ങളില്‍ ഇടതുവശത്ത് മാത്രം വാഹനം പാര്‍ക്ക് ചെയ്ത് ചരക്ക് കയറ്റാനും ഇറക്കാനും അനുമതി നല്‍കും. നഗരത്തിന്‍െറ പലഭാഗങ്ങളിലും കാമറ സ്ഥാപിച്ച് വാഹനഗതാഗതം നിരീക്ഷിക്കും. ഗതാഗതം പരിഷ്കരിക്കുന്നതിനും റോഡുകളും കവലകളും വീതി കൂട്ടുന്നതിനും മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഒരു തീരുമാനവുമില്ല. തിരക്കേറിയ കവലകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ കുരുക്ക് ഒഴിവാക്കനാകൂ. നഗരസഭയില്‍ നടന്ന യോഗത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം. വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, എസ്.പി. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി ബാബു കുമാര്‍, ജോ. ആര്‍.ടി.ഒ ജോജി പി. ജോസ്, മറ്റ് വകുപ്പ് അധികൃതരടക്കമുള്ള കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.