ചില്‍ഡ്രന്‍സ് ഹോമില്‍ നിര്‍ബന്ധിത ‘കുടിയൊഴിപ്പിക്കല്‍’

കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടില്‍പോയി താമസിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുവാദം. 10 ദിവസം വീട്ടില്‍പോയി രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാനാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിലും കെയര്‍ടേക്കര്‍മാരുടെ പീഡനത്തിലും പ്രതിഷേധിച്ച് ചില്‍ഡ്രന്‍സ് ഹോമിലെ 20 പെണ്‍കുട്ടികള്‍ വ്യാഴാഴ്ച രാവിലെ കെട്ടിടത്തിന് മുകളില്‍ കയറി സമരഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി യോഗംകൂടി കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം തല്‍ക്കാലം പറഞ്ഞുവിടാന്‍ തീരുമാനിച്ചത്. 32 പെണ്‍കുട്ടികള്‍ താമസിക്കുന്ന ഗേള്‍സ് ഹോമില്‍നിന്ന് എട്ട് കുട്ടികളുടെ രക്ഷിതാക്കളെ വെള്ളിയാഴ്ച വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു. അഞ്ച് കുട്ടികളെ ശനിയാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വിടുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍ പത്മജ സി. നായര്‍ അറിയിച്ചു. വീട്ടിലേക്ക് പറഞ്ഞുവിട്ടവരില്‍ മൂന്ന് കുട്ടികള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ്. അതേസമയം, കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ പലരും മടികാണിക്കുന്നതുമൂലം എല്ലാവരെയും പറഞ്ഞുവിടാന്‍ കഴിയാത്ത അവസ്ഥയാണ്. കെട്ടിടത്തിനു മുകളില്‍ കയറി സമരഭീഷണി മുഴക്കിയ കുട്ടികളെ തെരഞ്ഞുപിടിച്ച് വീട്ടില്‍ പറഞ്ഞുവിടുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധം കാണിച്ച കുട്ടികളും വീട്ടില്‍ പോകണമെന്ന് താല്‍പര്യം കാണിക്കുന്നില്ല. അരക്ഷിതാവസ്ഥയില്‍നിന്ന് ചില്‍ഡ്രന്‍സ് ഹോമിലത്തെിയ കുട്ടികളെ അതേ അവസ്ഥയിലേക്ക് തന്നെയാണ് താല്‍ക്കാലികമായാണെങ്കിലും പറഞ്ഞുവിടുന്നത്. കുട്ടികളില്‍ ഏറെയും ഉറ്റവരോ മിത്രങ്ങളോ ഇല്ലാത്തവരാണ്. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് തെരുവിലേക്ക് തള്ളപ്പെടുന്ന അവസ്ഥയുള്ള കുട്ടികളാണ് ഇവിടെനിന്ന് പോകാന്‍ ഭയപ്പെടുന്നത്. വീട്ടിലേക്ക് പറഞ്ഞുവിടുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് വിടുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 10 ദിവസം രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ജില്ലാ സാമൂഹിക ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ശാരീരിക, മാനസിക ചൂഷണത്തിന് വിധേയമാകുന്നതായി അന്തേവാസികളില്‍നിന്നുതന്നെ പരാതി ഉയര്‍ന്നിട്ടും പരിഹരിക്കാന്‍ നടപടിയില്ല. മാനസിക, ശാരീരിക ഉല്ലാസത്തിന് യാതൊന്നുമില്ലാത്ത അന്തേവാസികള്‍ക്ക് ചില്‍ഡ്രന്‍സ് ഹോം കാരാഗൃഹം പോലെയാണ്. വായിക്കാനോ ടി.വി കാണാനോ ചില്‍ഡ്രന്‍സ് ഹോമില്‍ സൗകര്യമില്ല. കഴിഞ്ഞ ദിവസം ഇവിടെനിന്ന് നാല് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയതിലെ യഥാര്‍ഥ കാരണങ്ങള്‍ ആരായാനും അധികാരികള്‍ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.