പിണവൂര്‍കുടിയില്‍ വീണ്ടും കൊയ്ത്തുപാട്ട്

കോതമംഗലം: രണ്ട് പതിറ്റാണ്ടിന് ശേഷം നെല്‍കൃഷി തിരിച്ചത്തെിയതിന്‍െറ സന്തോഷത്തിലാണ് പിണവൂര്‍കുടി ആദിവാസി കോളനി വാസികള്‍. നെല്‍കൃഷി ചെയ്തിരുന്ന സ്ഥലങ്ങള്‍ റബറും കന്നാരയും കൈയടക്കിയപ്പോള്‍ ആദിവാസി കുടികളില്‍നിന്ന് നെല്‍കൃഷി എന്നെന്നേക്കുമായി പോയ്പ്പോയെന്നാണ് കരുതിയത്. എന്നാല്‍, ആ വിശ്വാസം തിരുത്തി നൂറുമേനി വിളവെടുപ്പിന്‍െറ ആഘോഷത്തിലാണ് കോളനിയിലുള്ളവര്‍. വേഗത്തില്‍ പണസമ്പാദനത്തിനും കൃഷി ചെലവ് കുറവും ചൂണ്ടിക്കാട്ടി രണ്ട് പതിറ്റാണ്ട് മുമ്പാണ് നെല്‍കൃഷി അവസാനിപ്പിച്ച് റബറും കപ്പയും കന്നാരയുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ആ സ്ഥലം വെട്ടിയൊരുക്കിയാണ് നെല്‍കൃഷി തിരിച്ചുകൊണ്ടുവന്നത്. പഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സഹകരണത്തോടെ പാടശേഖര സമിതി രൂപവത്കരിച്ചാണ് ആദിവാസികള്‍ നെല്‍ കൃഷിയിറക്കിയത്. 450ഓളം ആദിവാസി കുടുംബങ്ങള്‍ ചേര്‍ന്ന് രണ്ടിടത്തായി മൂന്ന് ഏക്കറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. കാട്ടുപന്നി, ആന തുടങ്ങി വന്യമൃഗങ്ങളുടെ ശല്യം തടുക്കാന്‍ കാവല്‍മാടം കെട്ടി ആദിവാസി യുവാക്കള്‍ കൃഷിക്ക് കാവലിരുന്നു. കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കു മൊടുവില്‍ നൂറുമേനി കൊയ്തതിന്‍െറ സന്തോഷത്തിലാണിപ്പോള്‍ കുടിയിലെ ഒരോരുത്തരും. കൊയ്ത്തുത്സവം എന്ന പേരില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് കുടിക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമായി മാറി. പഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മഗോപി, അംഗങ്ങളായ അരുണ്‍ ചന്ദ്രന്‍, സുശീല, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. നെല്‍കൃഷി വ്യാപിപ്പിക്കാനാണ് ആദിവാസി കുടുംബങ്ങളുടെ തീരുമാനം. കുടിയിലെ തനത് കൃഷിരീതികള്‍ തിരിച്ചു കൊണ്ടുവരാന്‍ കൊയ്ത്തുത്സവം വഴി കഴിയുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്തും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.