ജില്ലയെ ഹരിതാഭമാക്കാന്‍ കൂട്ടായ ശ്രമം വേണം –മന്ത്രി

കൊച്ചി: ജലസംസ്കാരം തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന യജ്ഞത്തില്‍ ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഹരിതകേരളം പദ്ധതിയുടെ നടത്തിപ്പിന്‍െറ ഭാഗമായുള്ള ജില്ലാതല സമിതിയുടെ രൂപവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഒരുവര്‍ഷം പെയ്യുന്ന 3000 മില്ലിമീറ്റര്‍ മഴയുടെ വെള്ളം ഇവിടത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്തുക എന്നതായിരിക്കണം ലക്ഷ്യം. തണ്ണീര്‍ത്തടങ്ങള്‍ ഏറെയുള്ള എറണാകുളം ജില്ലപോലും ഇപ്പോള്‍ കുടിവെള്ളക്ഷാമം നേരിടുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസര ശുചിത്വം-മാലിന്യ സംസ്കരണം, കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നീ മൂന്നു പരിപാടികള്‍ക്കും പ്രധാന്യം നല്‍കിയാണ് ഹരിതകേരളം ആവിഷ്കരിച്ചിരിക്കുന്നത്. ഡിസംബര്‍ എട്ടിന് സംസ്ഥാനം മുഴുവന്‍ ഇതിനായി രംഗത്തിറങ്ങുകയാണ്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും ഡിവിഷനുകളിലും ഇതിനായുള്ള പ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കണം. കുളം, തോട് ഉള്‍പ്പെടെയുള്ള എല്ലാ ജലസ്രോതസ്സുകളും വൃത്തിയാക്കണം. ജില്ലയില്‍ ഒരുദിവസം മാലിന്യസംസ്കരണ സമൂഹ പ്രതിജ്ഞയെടുക്കേണ്ടതും ആ ദിവസം പ്ളാസ്റ്റിക് ഹര്‍ത്താല്‍ ആചരിച്ച് വീടുകളിലും മറ്റുമുള്ള പ്ളാസ്റ്റിക് സാമഗ്രികള്‍ ശേഖരിച്ച് ശുചിത്വ മിഷനെ ഏല്‍പിക്കേണ്ടതുമാണ്. യോഗത്തില്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല പരിപാടികള്‍ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, എ.ഡി.എം സി.കെ. പ്രകാശ്, സബ് കലകടര്‍ ഡോ. അദില, അസി. കലക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ അന്നേദിവസം 15000 അയല്‍ക്കൂട്ടങ്ങളിലൂടെ ഏഴരലക്ഷം പച്ചക്കറിത്തൈകള്‍ ജില്ല പഞ്ചായത്ത് വിതരണം ചെയ്യും. എറണാകുളത്തിന്‍െറ നീര്‍ത്തട വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. നാലാം തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചേര്‍ന്ന് അന്തിമ രൂപംനല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.