മെട്രോ തൃപ്പൂണിത്തുറയിലേക്ക്: കാത്തിരിപ്പ് നീളും

തൃപ്പൂണിത്തുറ: കൊച്ചി മെട്രോ റെയില്‍ പദ്ധതി ആദ്യഘട്ടത്തില്‍തന്നെ തൃപ്പൂണിത്തുറയിലേക്ക് നീട്ടാനുള്ള സാധ്യത അനിശ്ചിതത്വത്തിലായി. സംസ്ഥാന സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ വൈകുന്നതും വൈറ്റില തൈക്കൂടം മുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതുമാണ് പദ്ധതി തൃപ്പൂണിത്തുറക്കത്തെുന്നത് നീളാന്‍ പ്രധാന കാരണം.തൈക്കൂടം മുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് 107 ഉടമകളാണ് സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാത്തത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം നിലവിലെ വിലയുടെ ഇരട്ടി നല്‍കിയാലേ സ്ഥലം ഏറ്റെടുക്കാന്‍ കഴിയൂ. ഇതിന് സര്‍ക്കാര്‍ തയാറാകാത്തതാണ് ഉടമകള്‍ ഭൂമി വിട്ടുനല്‍കാതിരിക്കാന്‍ കാരണം. നഗരമധ്യത്തില്‍ സ്ഥലവില കൂടുതലായതിനാല്‍ വന്‍ തുക വേണ്ടിവരുമെന്നതിനാലാണ് അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകാത്തത്. അതേസമയം, പദ്ധതി നടപ്പാക്കാന്‍ വൈകുന്നത് നിര്‍മാണച്ചെലവ് വര്‍ധിക്കാനിടയാകും. 2012 സെപ്റ്റംബറിലാണ് മെട്രോ റെയില്‍ പദ്ധതിക്ക് തുടക്കമിട്ടത്. ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. തൃപ്പൂണിത്തുറ നഗരസഭയുടെയും ജനങ്ങളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പേട്ടയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച് എസ്.എന്‍ ജങ്ഷന് സമീപം മെട്രോ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.