നാശോന്മുഖമായി കോതമംഗലത്തെ റവന്യൂ ടവര്‍

കോതമംഗലം: ടൗണിന്‍െറ തിലകക്കുറിയായി ഏഴുനിലയില്‍ പണിതീര്‍ത്ത റവന്യൂ ടവര്‍ നാശത്തിലേക്ക്. അധികൃതരുടെ അനാസ്ഥയും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് ടവറിന്‍െറ നാശം പൂര്‍ണമാക്കുന്നത്. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ പല ഓഫിസുകളും ഇവിടെനിന്ന് മാറ്റി. ടവറും പരിസരവും സാമൂഹികവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുകയാണ്. നഗരത്തിന്‍െറ ഹൃദയഭാഗത്ത് നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിനും പൊതുമാര്‍ക്കറ്റിനും സമീപത്താണ് റവന്യൂ ടവര്‍. സ്റ്റേറ്റ് ഹൗസിങ് കോര്‍പറേഷന്‍ സംസ്ഥാനത്ത് കോടികള്‍ മുടക്കി നിര്‍മിച്ചവയിലൊന്നാണ് ടവര്‍. താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ടവര്‍ നിര്‍മിച്ചത്. താലൂക്ക് ഓഫിസ്, ആര്‍.ടി.എ ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസ്, സപൈ്ള ഓഫിസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിലും അറ്റകുറ്റപ്പണികള്‍ നടത്തി കെട്ടിടം നിലനിര്‍ത്തുന്നതിലും ഹൗസിങ് ബോര്‍ഡ് തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. ജനല്‍ പാളികള്‍ പൊളിഞ്ഞും ഭിത്തിയിലെ സിമന്‍റ് തേപ്പുകള്‍ അടര്‍ന്നും വീഴുന്ന അവസ്ഥയാണ്. മുകള്‍ നിലകളിലെ ശുചിമുറികളിലെ വെള്ളംപോലും താഴെ നിലകളില്‍ വീഴുന്ന അവസ്ഥയാണ്. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമായിരുന്ന ടവറില്‍നിന്ന് പല സര്‍ക്കാര്‍ ഓഫിസുകളും അസൗകര്യങ്ങള്‍ കാരണം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നു. അവശേഷിക്കുന്ന മറ്റ് ഓഫിസുകള്‍ പണി പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നതോടെ ടവറിന്‍െറ നാശം പൂര്‍ണമാവും. 15 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം വിള്ളല്‍ വീണ് ആല്‍മരങ്ങള്‍ വളര്‍ന്നിറങ്ങിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതോടെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ മാത്രമായിരിക്കും ഇവിടെ അവശേഷിക്കുക. കെട്ടിടത്തിലെ ഇടനാഴികളും പരിസരവും സാമൂഹികവിരുദ്ധരുടെ കൈപ്പിടിയിലാണെന്നാണ് വ്യാപാരികളുടെ പരാതി. ആളുകളുടെ വരവ് കുറയുന്നതോടെ സാമൂഹികവിരുദ്ധരുടെ ശല്യം ഏറുമെന്ന ഭീതിയും ഇവര്‍ പങ്കുവെക്കുന്നു. തെരുവുനായ്ക്കളുടെ വിളയാട്ടമാണ് മറ്റൊരു ഭീഷണി. ഇക്കാര്യം പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു. രാത്രിയെന്നും പകലെന്നുമില്ലാതെ പാര്‍ക്കിങ്ങ് ഏരിയകളിലും പരിസരത്തും കൂട്ടമായി നായ്ക്കള്‍ വിലസുന്നു. സമീപത്തെ ടൗണ്‍ യു.പി സ്കൂളുകളിലേക്ക് വരുന്ന പിഞ്ചുകുട്ടികളടക്കമുള്ളവര്‍ക്കും നായ്ക്കൂട്ടങ്ങള്‍ ഭീഷണിയാവുന്നുണ്ട്. ടവര്‍, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ മൂലമുള്ള ദുര്‍ഗന്ധം അസഹനീയമാണെന്നും പരാതിയുണ്ട്. നാശത്തിലേക്ക് കൂപ്പുകുത്തുന്ന റവന്യൂ ടവര്‍ സംരക്ഷിക്കാന്‍ ഹൗസിങ് ബോര്‍ഡും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.