നിലംപൊത്താറായ വീട്ടിലിരുന്ന് 16 കുടുംബങ്ങള്‍ പ്രാര്‍ഥിക്കുന്നു; കാറ്റേ വീശരുത്... കാറേ പെയ്യരുത്...

മൂവാറ്റുപുഴ: മാനത്ത് മഴക്കാറ് കണ്ടാല്‍, കാറ്റ് ഒന്നു വീശിയാല്‍ കിടപ്പാടം നിലംപൊത്തരുതേയെന്ന പ്രാര്‍ഥനകളുമായി 16 കുടുംബങ്ങള്‍. ആവോലി പഞ്ചായത്തിലെ ആനിക്കാട് ലക്ഷംവീട് കോളനിയിലാണ് ഏതു നിമിഷവും നിലംപൊത്താവുന്ന വീടുകളില്‍ ഭീതിയോടെ 16 കുടുംബങ്ങള്‍ കഴിയുന്നത്. 1974ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലക്ഷംവീട് പദ്ധതി നിരവധി കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും പിന്നീട് അറ്റകുറ്റപ്പണികള്‍ക്ക് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. നാലു പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച വീടുകള്‍ കാലപ്പഴക്കത്താല്‍ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്. പല വീടുകളും സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം പൂര്‍ണമായി തകര്‍ന്നുകഴിഞ്ഞു. മേല്‍ക്കൂരകള്‍ തകരാത്ത വീടുകള്‍ ഒന്നുപോലുമില്ല. പല ഘട്ടങ്ങളിലായി സ്വന്തം നിലയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരായ പലര്‍ക്കും നിത്യച്ചെലവു കഴിച്ച് പണം മുടക്കി വീട് നന്നാക്കാനുള്ള കഴിവില്ല. വീട് അറ്റകുറ്റപ്പണി നടത്താനാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടികളുണ്ടായില്ല. ലക്ഷം വീടിന് അറ്റകുറ്റപ്പണികള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയില്ലന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ, ആദ്യഘട്ടത്തില്‍32 കുടുംബങ്ങളുണ്ടായിരുന്ന ലക്ഷംവീട് കോളനിയില്‍ 16 കുടുംബങ്ങള്‍ക്ക് ഒറ്റ വീടുകളാക്കി നല്‍കിയിട്ടുണ്ട്. വീടുകള്‍ അടിയന്തരമായി പുതുക്കിപ്പണിത് ഒറ്റ വീടുകളാക്കി നല്‍കണമെന്ന് ആദി ദ്രാവിഡ സാംസ്കാരിക സഭ മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.